ലൗ ജിഹാദിനെതിരായ തന്റെ പരാമര്‍ഷം തിരിച്ചടിയായെന്ന് പി.സി ജോര്‍ജ്. ചില ജിഹാദികള്‍ തനിക്കെതിരെ നടത്തിയ കള്ള പ്രചാരണമാണ് വിനയായതെന്നും,എങ്കിലും ലൗ ജിഹാദ് ആരോപണത്തില്‍ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി എന്ന കക്ഷിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഒരുമിച്ച് വോട്ടുചെയ്യുകയാണെന്നും, അല്ലെങ്കില്‍ നാല് സീറ്റെങ്കിലും ലഭിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങുമെന്നും, ഇവിടുത്തെ ഹിന്ദുക്കള്‍ക്കത് മനസിലായിട്ടുണ്ടെന്നും പി.സി. ജോർജ് വ്യക്തമാക്കി.
‘ഒരു മതവിഭാഗത്തില്‍പ്പെട്ട മുഴുവന്‍ ആളുകളും തെറ്റിദ്ധരിപ്പിക്കപ്പെട്ടു. ജിഹാദികള്‍ ഇറങ്ങി നടത്തിയ കള്ളപ്രചരണമാണ്. അവര്‍ ഒറ്റക്കെട്ടായി എനിക്കെതിരെ വോട്ടുചെയ്തു. പിന്നെ ക്രിസ്ത്യാനികളുടെ വോട്ട് മൂന്നായി വീതിക്കപ്പെട്ടു. ലൗ ജിഹാദ് വിഷയത്തില്‍ ഇടപെട്ടത് എനിക്ക് തിരിച്ചടിയായി. എന്നാലും ഞാന്‍ മുന്നോട്ട് തന്നെ പോകും. ലൗ ജിഹാദ് രാജ്യം നേരിടുന്ന വിപത്താണ്. അതിനെ എക്കാലവും എതിര്‍ക്കും. സാരമില്ലെന്നേ, ജനത്തിന്റെ തെറ്റിദ്ധാരണയൊക്കെ ഉടന്‍ മാറും. സത്യത്തിനോടൊപ്പം നിന്ന് പോരാടും. പി.സി. ജോർജ് പറഞ്ഞു.
‘തോറ്റാലും ജയിച്ചാലും ഞാന്‍ ഈ പൂഞ്ഞാറില്‍ കാണും. അതില്‍ മാറ്റമൊന്നുമില്ല. പക്ഷേ കോണ്‍ഗ്രസിന്റെ ഗതിയെന്തായി? പ്രതിപക്ഷം എന്ന് പറയാന്‍ പോലുമാകാത്ത് ഗതിയിലായി. ലീഗും തകര്‍ന്നു. ഇനി ആര് യുഡിഎഫിനൊപ്പം കൂടും? ആള്‍ ഇന്ത്യ ലെവലില്‍ തന്നെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം അവസാനിച്ചു’. ഏറ്റവും നല്ലത് കോണ്‍ഗ്രസ് പിരിച്ചുവിടുയാണെന്നും അദ്ദേഹം വ്യക്തമാക്കി.