ബുറേവി ശ്രീലങ്കൻ തീരത്തേക്ക്; തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ മഴ ശക്തമായി

ബുറേവി ചുഴലിക്കാറ്റ് ലങ്കൻ തീരത്ത് അടുത്തതോടെ തമിഴ്‌നാടിന്റെ ദക്ഷിണ ജില്ലകളിൽ മഴ ശക്തമായി. കന്യാകുമാരി ഉൾപ്പെടെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയെ അടക്കം തീരജില്ലകളിൽ വിന്യസിച്ചു

ഒരാഴ്ചക്കിടെ തമിഴ്‌നാട്ടിലെത്തുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് ബുറേവി. നിവാർ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാടിന്റെ ചെന്നൈ അടക്കമുള്ള തീരമേഖലകളെ സാരമായി ബാധിച്ചിരുന്നു. 130 കിലോമീറ്റർ വേഗതയിലാണ് നിവാർ ആഞ്ഞടിച്ചത്. അതേസമയം 90 കിലോമീറ്റർ വേഗതയിലാണ് ബുറേവി വീശുക

ബുറേവിയുടെ സഞ്ചാരപഥത്തിൽ കേരളവും ഉൾപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര വഴിയാകും ബുറേവി കടന്നുപോകുക. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്