അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് വർഷം

 

മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ(20) ക്യാമ്പസ് ഫ്രണ്ട് ഗുണ്ടകൾ കുത്തിക്കൊലപ്പെടുത്തിയിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു. കേസിൽ നേരിട്ട് പങ്കെടുത്ത എല്ലാ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2018 ജൂലൈ രണ്ടിന് പുലർച്ചെയാണ് അഭിമന്യു കൊല്ലപ്പെടുന്നത്

ക്യാമ്പസിലെ ചുവരെഴുത്തിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ക്യാമ്പസ് ഫ്രണ്ട്, പോപുലർ ഫ്രണ്ട്, എസ് ഡി പി ഐക്കാർ അഭിമന്യുവിനെ കൊലപ്പെടുത്തുകയായിരുന്നു. 16 പേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായത്.

രണ്ട് വർഷങ്ങളോളമെടുത്താണ് മുഴുവൻ പ്രതികളെയും പിടികൂടിയത്. 12ാം പ്രതി മുഹമ്മദ് ഷഹീം 2019 നവംബറിൽ കീഴടങ്ങുകയായിരുന്നു. പത്താം പ്രതി സഹൽ ഹംസ 2020 ജൂൺ 18ന് കോടതിയിൽ കീഴടങ്ങി.

വർഗീയത തുലയട്ടെ എന്ന വാചകം ചുമരിൽ എഴുതിയതിനെ തുടർന്നാണ് പോപുലർ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട്-എസ് ഡി പി ഐ അക്രമി സംഘം അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. അഭിമന്യുവിനൊപ്പമുണ്ടായിരുന്ന അർജുൻ എന്ന സഹപാഠിക്കും കുത്തേറ്റിരുന്നു. ഇടുക്കി വട്ടവട എന്ന ഗ്രാമത്തിൽ നിന്നും ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹത്തോടെ മഹാരാജാസിലെത്തിയ യുവാവ് ഒടുവിൽ അക്രമികളുടെ കത്തിക്കിരയാകുകയായിരുന്നു.