മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് തുടരുമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മീഡിയ വൺ എഡിറ്റർ ഇൻ ചീഫ് പ്രമോദ് രാമൻ. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ നൽകിയിരുന്ന കോൺഫിഡൻഷ്യൽ ഫയൽ പരിശോധിച്ച ശേഷമാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് എന്നാണ് വിധിപകർപ്പിൽ നിന്നും മനസിലാകുന്നത്. എന്നാൽ ഇത്തരമൊരു കോൺഫിഡൻഷ്യൽ ഫയലിനെക്കുറിച്ച് വാദം നടന്നപ്പോൾ പരാമർശമുണ്ടായിട്ടില്ല. പിന്നീട് എന്തു സംഭവിച്ചു എന്നറിയില്ലെന്നും പ്രമോദ് രാമൻ പറഞ്ഞു
ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ചാനലിനുള്ള വിലക്ക് തുടരുമെന്ന് ഉത്തരവിട്ടത്. ജനുവരി 31നാണ് ചാനൽ സംപ്രേഷണം വിലക്കി കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിട്ടത്. ഉത്തരവിനെതിരെ ചാനൽ ഹൈക്കോടതി സിംഗിൾ ബഞ്ചിനെ സമീപിച്ചെങ്കിലും ഹർജി തള്ളി. തുടർന്ന് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.