പരമ്പര ജയിച്ചാൽ ചരിത്രമാകും: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലും ജയം തേടി ഇന്ത്യ

ദക്ഷിണാഫ്രിക്ക-ഇന്ത്യ രണ്ടാം ടെസ്റ്റിന് നാളെ വാണ്ടറേഴ്‌സിൽ തുടക്കമാകും. സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റ് വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിട്ട് നിൽക്കുകയാണ്. വാണ്ടറേഴ്‌സിൽ കൂടി ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ദക്ഷിണാഫ്രിക്കയിൽ ആദ്യ പരമ്പര വിജയമെന്ന ചരിത്രവും ഇന്ത്യക്ക് സ്വന്തമാകും.

വാണ്ടറേഴ്‌സ് ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ട് കൂടിയാണ്. ഇവിടെ ഇതുവരെ ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയതും 1997ൽ ഇതേ ഗ്രൗണ്ടിലായിരുന്നു. സെഞ്ചൂറിയനിൽ 113 റൺസിന് വിജയിച്ചാണ് കോഹ്ലിയും സംഘവും വാണ്ടറേഴ്‌സിൽ എത്തിയത്.

നിർണായകമായ ചില മാറ്റങ്ങൾക്കും ഇന്ത്യ തയ്യാറാകും. ഫോം കണ്ടെത്താൻ വിഷമിക്കുന്ന ചേതേശ്വർ പൂജാര ടീമിൽ നിന്ന് പുറത്തായേക്കും. പകരം ഹനുമ വിഹാരി ടീമിലെത്തും. ബൗളർമാർ എല്ലാം മികച്ച ഫോമിലാണ്. ബാറ്റിംഗിൽ കെ എൽ രാഹുലും മായങ്കും മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകുന്നത്. മധ്യനിരയാണ് ഇന്ത്യയെ വിഷമിപ്പിക്കുന്നത്. രണ്ട് വർഷമായി സെഞ്ച്വറിയില്ലാതെ അലയുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കും വാണ്ടറേഴ്‌സ് ടെസ്റ്റ് നിർണായകമാകും.