കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന മദ്‌റസകളിലെ മുതിര്‍ന്ന ക്ലാസുകള്‍ ജനുവരി 11 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ആദ്യ ഘട്ടത്തില്‍ പൊതു പരീക്ഷ ക്ലാസുകള്‍ ഉള്‍പ്പെടെ മുതിര്‍ന്ന ക്ലാസുകളാണ് പ്രവര്‍ത്തിക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചും നിയന്ത്രണങ്ങള്‍ക്ക് വിധേയമായുമായിരിക്കും പ്രവര്‍ത്തനം. സംസ്ഥാനത്തിന് അകത്തും പുറത്തുമായി ആകെ 10279 മദ്‌റസകളാണ് സമസ്തയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നത്. കൊവിഡ്മൂലം 2020 മാര്‍ച്ച് 10 മുതല്‍ അടഞ്ഞുകിടന്ന മദ്‌റസകളാണ് 10 മാസത്തെ ഇടവേളകള്‍ക്ക് ശേഷം വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നത്. 2020 ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ മുഖേനയാണ് മദ്‌റസാ പഠനം നന്നിരുന്നത്. മദ്‌റസകള്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിക്കാനാവുന്നത് വരെ ഓണ്‍ലൈന്‍ പഠനം തുടരും. മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് മുമ്പ് ക്ലാസുകളും പരിസരവും ശുചീകരണം നടത്തിയും അണു വിമുക്തമാക്കിയും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അകലം പാലിച്ചും മാസ്‌ക് ധരിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചും ആയിരിക്കണം ക്ലാസുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതെന്നും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി കെ പി അബ്ദുസ്സലാം മുസ്‌ല്യാരും ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ല്യാരും അഭ്യര്‍ഥിച്ചു.
The Best Online Portal in Malayalam