വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യും വരെ ചിറ്റാറിൽ മരിച്ച മത്തായിയുടെ സംസ്‌കാരം നടത്തില്ലെന്ന് കുടുംബം. കസ്റ്റഡിയിലുള്ളയാളുടെ സുരക്ഷ വനംവകുപ്പ് ഉറപ്പ് വരുത്തിയില്ല. അന്വേഷണത്തിൽ വീഴ്ച നടന്നിട്ടുണ്ടെന്നും മത്തായിയുടെ കുടുംബം ആരോപിച്ചു
മത്തായിയുടെ മൃതദേഹം റാന്നി സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കേസിൽ വനംവകുപ്പും പോലീസും വെവ്വേറെ അന്വേഷണം നടത്തുന്നുണ്ട്. ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല
സ്വന്തം ഫാമിലെ കിണറിൽ മരിച്ച നിലയിലാണ് മത്തായിയെ ചൊവ്വാഴ്ച കണ്ടത്. ഇതിന് തൊട്ടുമുമ്പ് വനംവകുപ്പ് മത്തായിയെ കസ്റ്റഡിയിലെടുത്തിരുന്നു. തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെട്ട മത്തായി കിണറ്റിലേക്ക് ചാടിയെന്നാണ് വനംവകുപ്പ് പറയുന്നത്.
മത്തായിയുടെ ശരീരത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. തലയുടെ ഇടതുഭാഗത്ത് ക്ഷതവും ഇടത് കയ്യുടെ അസ്ഥിക്ക് ഒടിവുമുണ്ട്. ഇത് വീഴ്ചയിൽ സംഭവിച്ചതാകാമെന്നാണ് നിഗമനം