എപ്പോഴും ക്ഷീണം, തലവേദന; ഇന്ത്യയില്‍ ഏറ്റവുമധികം പേരില്‍ കാണുന്നൊരു രോഗം

 

അനീമിയ’ അഥവാ വിളര്‍ച്ച എന്നാല്‍ രക്തത്തില്‍ ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഇല്ലാത്ത അവസ്ഥയാണ്. പല കാരണങ്ങള്‍ കൊണ്ടും ഇത് സംഭവിക്കാം. പാരസൈറ്റിക് അണുബാധകള്‍, പോഷകാഹാരക്കുറവ്, മറ്റെന്തെങ്കിലും രോഗങ്ങള്‍ അങ്ങനെ പലതുമാകാം ഒരു വ്യക്തിയെ വിളര്‍ച്ചയിലേക്ക് നയിക്കുന്നത്.

എന്നാല്‍ അധികപേരിലും അനീമിയ ഉണ്ടാക്കുന്നത് വേണ്ടത്ര അയേണ്‍ ശരീരത്തിലെത്താതിരിക്കുമ്പോഴാണ്. അയേണ്‍ ആണ് ആരോഗ്യകരമായ ചുവന്ന രക്താണുക്കളുടെയും അവയിലടങ്ങിയ ഹീമോഗ്ലോബിന്റെയും ഉത്പാദനത്തിന് കാരണമാകുന്നത്. അതിനാല്‍ തന്നെ അയേണ്‍ കുറയുന്നത് ചുവന്ന രക്താണുക്കള്‍ കുറയുന്നതിന് കാരണമാകുന്നു.

ഇന്ത്യയില്‍ പോഷകാഹാരക്കുറവ് നേരിടുന്ന വലിയൊരു വിഭാഗം പേരിലാണ് അനീമിയ കൂടുതലും കണ്ടുവരുന്നത്. എന്നുവച്ചാല്‍ അയേണ്‍ കുറവ് മൂലം തന്നെ വിളര്‍ച്ച നേരിടുന്നവരാണ് അധികവും. 2019-21 ‘നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ’ പ്രകാരം രാജ്യത്ത് അനീമിയ ഉള്ള കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണം മുമ്പത്തേതില്‍ നിന്ന് കൂടിവരികയാണ്.

തീര്‍ത്തും നിസാരമായ ഒരവസ്ഥയാണ് അനീമിയ എന്ന് കരുതിയെങ്കില്‍ തെറ്റി. നിത്യജീവിതത്തില്‍ പതിവായി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാന്‍ ഇതിന് കഴിയും. എപ്പോഴും ക്ഷീണം, തളര്‍ച്ച, കാര്യങ്ങള്‍ ചെയ്യാന്‍ ഉന്മേഷമില്ലാതിരിക്കുക, പെട്ടെന്ന് തലകറക്കം വരിക, തലവേദന, തണുപ്പ് സഹിക്കാന്‍ കഴിയാത്ത അവസ്ഥ, ശ്വാസതടസം എന്നിങ്ങനെ ഒരുപിടി പ്രശ്‌നങ്ങള്‍ അനീമിയ ഉണ്ടാക്കാം. ഒപ്പം തന്നെ പരിക്കുകളോ, മുറിവുകളോ സംഭവിക്കുമ്പോള്‍ ശരീരത്തിന് അത് താങ്ങാനാകാത്ത അവസ്ഥയും ഉണ്ടാകാം. പ്രതിരോധശക്തി ദുര്‍ബലമാകുന്നതിനാല്‍ വിവിധ അസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. ഇത്തരത്തില്‍ പലരീതിയില്‍ അനീമിയ നമ്മെ ദോഷകരമായി ബാധിക്കാം.

ഡയറ്റില്‍ ശ്രദ്ധ ചെലുത്താനായാല്‍ തന്നെ വലിയൊരു പരിധി വരെ അനീമിയയെ ചെറുക്കാന്‍ കഴിയും. അത്തരത്തില്‍ അനീമിയയെ പ്രതിരോധിക്കാനും ആകെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെയാണ് ഇനി പരിചയപ്പെടുത്തുന്നത്.

ഒന്ന്…

ചിക്കന്‍, മറ്റ് ഇറച്ചികള്‍, മുട്ട എന്നിവയെല്ലാം ഡയറ്റിലുള്‍പ്പെടുത്തുക. ഇവയെല്ലാം തന്നെ അയേണിന്റെ മികച്ച ഉറവിടമാണ്. ഇതിന് പുറമെ പ്രോട്ടീന്‍, വൈറ്റമിന്‍-ബി, കോപ്പര്‍, സെലീനിയം എന്നിങ്ങനെ പല അവശ്യഘടകങ്ങളുടെയും ഉറവിടം കൂടിയാണിവ.

രണ്ട്…

സീഫുഡ് കഴിക്കുന്നതും അയേണ്‍ കൂട്ടാന്‍ സഹായിക്കും. മത്തി, സാല്‍മണ്‍, സാര്‍ഡീന്‍ പോലുള്ള മത്സ്യങ്ങള്‍ ഓയെസ്റ്റര്‍ (ചിപ്പി), കടുക്ക പോലുള്ള ഷെല്‍ ഫിഷുകള്‍ എല്ലാം കഴിക്കാവുന്നതാണ്.

മൂന്ന്…

വെജിറ്റേറിയന്‍ ഡയറ്റാണ് പിന്തുടരുന്നതെങ്കില്‍ പയറുവര്‍ഗങ്ങള്‍ നല്ലത് പോലെ ഡയറ്റിലുള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

ഒരു കപ്പോളം പാകം ചെയ്ത പയറില്‍ ശരാശരി 6.6 മില്ലിഗ്രാം അയേണ്‍ അടങ്ങിയിരിക്കുന്നു. ഇതിന് പുറമെ ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം, പ്രോട്ടീന്‍ എന്നീ ഘടകങ്ങളാലും സമ്പന്നമാണ് പയറുവര്‍ഗങ്ങള്‍.

നാല്…

ഇലക്കറികള്‍ നല്ലത് പോലെ കഴിക്കുന്നതും അയേണ്‍ കൂട്ടാന്‍ സഹായിക്കും. ചീര, മുരിങ്ങ, ഉലുവയില എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്. 100 ഗ്രാമോളം ഇലക്കറിയില്‍ ഏതാണ്ട് 2.7 മില്ലിഗ്രാം അയേണ്‍ അടങ്ങിയിരിക്കും.

അഞ്ച്…

ഡ്രൈഡ് ഫ്രൂട്ട്‌സും നട്ട്‌സും അയേണ്‍ കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. മത്തന്‍ കുരു, ഉണക്ക മുന്തിരി, ആപ്രിക്കോട്ട്, ബദാം, എള്ള് എന്നിങ്ങനെ ഏതും ഇതിനായി തെരഞ്ഞെടുക്കാം.