ആരോഗ്യത്തിന്റെ പോരായ്മകള്‍ അറിയാന്‍ നഖത്തിലുണ്ടുന്ന ചെറിയ വ്യത്യാസങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാക്കാം. മുഖം പോലെ തന്നെ സുന്ദരമായി സൂക്ഷിക്കേണ്ട ഒന്നാണ് നഖങ്ങളും. അതുകൊണ്ടു തന്നെ നഖങ്ങളുടെ ആരോഗ്യം പ്രധാനമാണ്.
നഖത്തിന്റെ നിറം മഞ്ഞ നിറത്തിലാണ് ചിലര്‍ക്ക്. ഇതിന് പ്രധാന കാരണം പൂപ്പല്‍ ബാധയാണ്. ഇതുമൂലം നഖത്തിന് കട്ടി കൂടി വിണ്ടു കീറുന്നു. തൈറോയ്ഡ്, ശ്വാസകോശരോഗം, പ്രമേഹം, സോറിയാസിസ് എന്നീ രോഗങ്ങളുടെ ലക്ഷണമായും നഖങ്ങളിലെ മഞ്ഞനിറത്തെ കണക്കാക്കുന്നു.
വിളര്‍ച്ച, ഹൃദയാഘാതസാധ്യത, കരള്‍ രോഗങ്ങള്‍, പോഷകാഹാരക്കുറവ് എന്നിവയ്ക്കു പുറമേ ഗൗരവമര്‍ഹിക്കുന്ന രോഗങ്ങളുടെയും ലക്ഷണമായി നഖത്തിന്റെ വെള്ള നിറം സൂചന നല്‍കുന്നു.
വളരെ ഗുരുതരമായ അസുഖത്തെ സൂചിപ്പിക്കുന്നതാണ് നഖത്തിനടിയിലെ കറുത്ത വര. ത്വക്കിലെ കാന്‍സറായ മെലനോമയുടെ ലക്ഷണവുമാകാം ഇത്. കൂടാതെ നേരിയ വരകളോടുകൂടിയ പരുപരുത്ത പ്രതലത്തില്‍ നഖം കാണപ്പെടുന്നത് ചിലയിനം വാതങ്ങളുടെയും സോറിയാസിസിന്റെയും ലക്ഷണമാകാം.
പ്രായമായവരില്‍ ചിലപ്പോഴൊക്കെ നഖങ്ങള്‍ വരണ്ട് വിണ്ടുകീറുന്നതായി കാണാറുണ്ട്. ഇത് തൈറോയ്ഡ് രോഗത്തിന്റെ ലക്ഷണമാകാം. എന്നാല്‍ പലപ്പോഴും നഖം പൊട്ടി പോകുന്നത് തൈറോയ്ഡ് രോഗം മുതല്‍ ചിലയിനം കെമിക്കലുകളുടെ ഉപയോഗം മൂലവുമാകാം. വൈറ്റമിന്‍ എ, സി എന്നിവ അടങ്ങിയ ആഹാരം ഇത്തരക്കാര്‍ കൂടുതല്‍ കഴിക്കണം.