ദുബൈ: കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ഭാര്യയുടെ ഫോണില്‍ യു.എ.ഇ സര്‍ക്കാര്‍ ഏജന്‍സി ചാര സോഫ്റ്റ്വെയര്‍ സ്ഥാപിച്ചിരുന്നതായി റിപ്പോര്‍ട്ട്.
ഇസ്രായേലി കമ്പനി എന്‍.എസ്.ഒ നിര്‍മിച്ച പെഗാസസ് സ്പൈവെയറാണ് ഖഷോഗിയുടെ കൊലപാതകത്തിന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മാത്രം ഇവരുടെ ഫോണില്‍ സ്ഥാപിച്ചതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഖഷോഗ്ജിയുടെ അന്നത്തെ ഭാര്യയായിരുന്ന ഹനാന്‍ എലട്രിന്റെ ഫോണിലായിരുന്നു 2018 ഏപ്രിലില്‍ അവര്‍ യു.എ.ഇയുടെ കസ്റ്റഡിയിലായിരിക്കെ സോഫ്റ്റ്വെയര്‍ സ്ഥാപിച്ചത്.
2018 ഏപ്രിലില്‍ ദുബൈ വിമാനത്താവളത്തിലിറങ്ങിയ എലട്രിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് മുമ്പായി അവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തന്റെ രണ്ട് ആന്‍ഡ്രോയിഡ് ഫോണുകള്‍, ലാപ്ടോപ്, അവയുടെ പാസ്വേര്‍ഡുകള്‍ എന്നിവ കൈമാറിയിരുന്നു.
ഇസ്ലാമിക് മതാചാരപ്രകാരം താനും ഖഷോഗിയും 2018 ജൂണില്‍ വിവാഹിതരായവരാണ് എന്നായിരുന്നു എലട്ര് പറഞ്ഞത്. ഇതോടെ സൗദിക്ക് പുറമെ, ഖഷോഗിയുടെ വധത്തില്‍ യു.എ.ഇക്കും പെഗാസസിനുമുള്ള പങ്കിനെക്കുറിച്ചും സംശയമുയര്‍ന്നിരിക്കുകയാണ്.
സൗദി അറേബ്യന്‍ ഭരണകൂടത്തെ നിരന്തരം വിമര്‍ശിച്ചിരുന്ന ജമാല്‍ അഹ്മദ് ഖഷോഗിയെ 2018 ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു.