കെ. എം. റോയി അനുസ്മരണം ഷാർജയിൽ ചിരന്തന സംഘടിപ്പിച്ചു

 

ഇൻകാസ് യു.എ.ഇ കമ്മിറ്റിയുടെ  നേതൃത്വത്തിൽ, ചിരന്തന സംഘടന ഷാർജ ഇന്ത്യൻ അസോസിയേഷനിൽ പത്രപ്രവർത്തക കുലപതിയും      എഴുത്തുകാരനും ദി ഹിന്ദു, യു.എൻ.ഐ ലേഖകനും ദീർഘനാൾ മംഗളം ജനറൽ എഡിറ്ററുമായിരുന്ന കെ.എം.റോയിയുടെ അനുസ്മരണം നടത്തി.

ഇൻകാസ്  യു.എ.ഇ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ്  അഡ്വ. വൈ.എ.റഹീം  ഉദ്ഘാടനം ചെയ്തു.

എല്ലാവരുടേയും ശ്രദ്ധയും സ്നേഹവും തൻ്റെ നിലപാടുകളിലൂടെ നേടിയെടുക്കാൻ കഴിഞ്ഞ അപൂർവ്വ വ്യക്തിത്വമാണ്  കെ.എം.റോയിയുടേതെന്നും 1993 ൽ കോളം എഴുത്തിന് ആദ്യമായി അവാർഡ് വാങ്ങിക്കൊണ്ട്  മാധ്യമ ചരിത്രത്തിൽ പുതിയ ചരിത്രം എഴുതി ചേർത്ത മാധ്യമ പ്രവർത്തകൻ കൂടിയായിരുന്നു കെഎം റോയിയെന്നും അഡ്വ. വൈ.എ.റഹീം പറഞ്ഞു.

ലക്ഷക്കണക്കിന് മാധ്യമ പ്രവർത്തകരിൽ നിലപാടുകളോട് നീതി പുലർത്തുകയും സമൂഹനന്മ മാത്രം ലക്ഷ്യം വച്ച്  എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത കെ.എം. റോയി എന്ന മാധ്യമ കുലപതി തനിക്ക്  വളരെയധികം ഹൃദയബന്ധവും വ്യക്തി ബന്ധവുമുണ്ടായിരുന്ന പ്രിയപ്പെട്ട മാധ്യമ പ്രവർത്തകനായിരുന്നു  എന്ന് പുന്നക്കൻ മുഹമ്മദലി പറഞ്ഞു.

നിരന്തരമായി നീതിക്കുവേണ്ടി കലഹിച്ചു കൊണ്ടിരുന്ന അദ്ദേഹം സമൂഹത്തിലെ അശരണരും പീഡിതരുമായവരുടെ പക്ഷം  ചേർന്നു നിന്നു കൊണ്ടായിരുന്നു തൻ്റെ മാധ്യമ ജീവിതം നയിച്ചിരുന്നതെന്നും, അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു എന്നും അദ്ദേഹം പറഞ്ഞു നിറുത്തി.

ചടങ്ങിൽ ജലീൽ പട്ടാമ്പി മുഖ്യ പ്രഭാഷണം നടത്തി. മൂന്ന്  വർഷം  എം ജി യൂണിവേഴ്സിറ്റിയിൽ കെ.എം.റോയി തൻ്റെ അദ്ധ്യാപകനായിരുന്നു എന്നും അന്ന് 6 പി.എച്ച് ഡി യും 3 ഡിലിഗറ്റുമുള്ള  എം. ജി യൂണിവേഴ്സിറ്റിയുടെ ഡയറക്ടറായിരുന്ന ശ്രീ. വെള്ളായണി അർജുനൻ പോലും  കെ. എം റോയിയോട് വളരെ ബഹുമാനത്തോട്കൂടി മാത്രമാണ് ഇടപഴകിയിരുന്നതെന്നും തൻ്റെ കോളേജ് കാലത്തെ അനുഭവങ്ങളിലൂടെ ജലീ

പട്ടാമ്പി ഓർത്തെടുത്തു. ഇരുളും വെളിച്ചവും, ഇരുപത്തിയഞ്ച് വർഷക്കാലം സമൂഹത്തിന് നേർക്ക് തിരിച്ചുവച്ച  കണ്ണാടിയായിരുന്നു എന്നും, കേവലമായ ഒരു മാധ്യമ പ്രവർത്തകൻ എന്നതിലുപരി ഭാഷയെ പുതുക്കിയ, ഭാഷയിൽ വലിയ സംഭാവനകൾ അർപ്പിച്ച പണ്ഡിതൻ കൂടിയായിരുന്നു കെ എം റോയി എന്നും ഉദാഹരണങ്ങൾ നിരത്തി ജലീൽ പട്ടാമ്പി പറഞ്ഞു.