Headlines

‘ആക്രമിച്ചാൽ പ്രാദേശിക യുദ്ധത്തിന് കാരണമാകും’; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ

അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ. ഇറാനെ ആക്രമിച്ചാൽ പ്രാദേശിക യുദ്ധത്തിന് കാരണമാകുമെന്ന് പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാൻ തീരത്ത് സൈനിക നീക്കം നടത്തുന്നതിനിടെ ആണ് മുന്നറിയിപ്പ്. 1979ൽ ആയത്തുള്ള റൂഹൊള്ള ഖൊമേനി ഫ്രാൻസിൽ നിന്ന് ഇറാനിലേക്ക് മടങ്ങിയെത്തിയതിന്റെ വാർഷികത്തിൽ സംസാരിക്കുന്നതിനിടെ ആണ് മുന്നറിയിപ്പ്.“അവർ ഒരു യുദ്ധം തുടങ്ങിയാൽ അത് ഒരു പ്രാദേശിക യുദ്ധമായിരിക്കുമെന്ന് അവർ അറിയണം,” ആയത്തൊള്ള അലി ഖമനേയി പറഞ്ഞു. ഇറാനെയും അതിന്റെ വിശാലമായ എണ്ണ, പ്രകൃതി വാതക സ്രോതസ്സുകളെയും വിഴുങ്ങാൻ അമേരിക്ക ആഗ്രഹിക്കുന്നുവെന്ന് ഖമേനി പറഞ്ഞു, അടുത്തിടെ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധത്തിനിടെ സംഭവിച്ചത് ഒരു അട്ടിമറിക്ക് സമാനമാണെന്ന് ഖമനേയി പറഞ്ഞു.

ഇറാനിൽ‌ നടന്ന പ്രതിഷേധത്തെ രാജ്യദ്രോഹമെന്നാണ് ഖമനേയി വിശേഷിപ്പിച്ചത്. സംഘർഷ സാധ്യതകൾ‌ നിലനിൽക്കെ അമേരിക്കയുമായുള്ള ചർച്ചകൾക്കായുള്ള വഴി തെളിയുകയാണെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി പറഞ്ഞിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് ലാരിജാനിയുടെ പ്രതികരണം.

അമേരിക്കയുമായുള്ള സംഘർഷം നിലനിൽക്കെ, ഹോർമൂസ് കടലിടുക്കിൽ ഇന്നും നാളെയും ഇറാന്റെ സൈനികാഭ്യാസം നടക്കും. ലൈവ് ഫയർ ഡ്രിൽ നടത്തുന്നതിനാൽ മേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ സൈനികാഭ്യാസത്തിനെതിരെ യു എസ് സെൻട്രൽ കമാൻഡ്. യു എസ് സേനാവ്യൂഹത്തിനും വാണിജ്യകപ്പലുകൾക്കും സമീപമുള്ള സൈനികാഭ്യാസം സംഘർഷസാധ്യത വർധിപ്പിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു.