തകര്‍പ്പന്‍ തിരിച്ചുവരവില്‍ ചെല്‍സി; ലീഡ്‌സിനെ തൂക്കി ആര്‍സനല്‍, സിറ്റിക്കും യുണൈറ്റഡിനും ഇന്ന് മത്സരം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലീഡ്‌സ് യുണൈറ്റഡിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ആര്‍സനല്‍. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ലീഡ്‌സ് യുണൈറ്റഡിനെ ആര്‍സനല്‍ തോല്‍പ്പിച്ചത്. രണ്ട് പകുതികളിലുമായി രണ്ട് ഗോള്‍ വീതമായിരുന്നു ആര്‍സനല്‍ കണ്ടെത്തിയത്. 27-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ സുബില്‍മെന്‍ഡി, 69-ാം മിനിറ്റില്‍ വിക്ടര്‍ ഗ്യോക്കേഴ്‌സ്, 86-ാം മിനിറ്റില്‍ ജീസസ് എന്നിവരാണ് ആര്‍സനലിന്റെ ഗോളുകള്‍ നേടിയത്. ആദ്യ പകുതിയിലെ 38-ാം മിനിറ്റില്‍ ലീഡ്‌സ് യുണൈറ്റഡിന്റെ ഡാര്‍ലോയുടെ വക സെല്‍ഫ് ഗോളും ആര്‍സനലിന്റെ എക്കൗണ്ടിലേക്ക് എത്തി. 24 കളിയില്‍ 53 പോയിന്റുമായി ആര്‍സനല്‍ ലീഗില്‍ ഒന്നാംസ്ഥാനത്ത് തുടരുകയാണ്.ഏറ്റവും ആവേശം നിറഞ്ഞ മത്സരമായിരുന്നു ചെല്‍സിയും വെസ്റ്റ് ഹാം യുണൈറ്റഡും തമ്മില്‍. ആദ്യം രണ്ട് ഗോളിന് മുന്നിലെത്തിയ വെസ്റ്റ് ഹാമിനെ തകര്‍പ്പന്‍ തിരിച്ചുവരവിലൂടെ ചെല്‍സി തകര്‍ത്തതായിരുന്നു ഈ മത്സരം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സി വെസ്റ്റ് ഹാം യുണൈറ്റഡിനെ തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ ചെല്‍സി രണ്ട് ഗോളിന് പിന്നിലായതായിരുന്നു.