ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സിപിഐഎം ജനറൽ സെക്രെട്ടറി എം എ ബേബിയ്ക്ക് തുറന്നകത്തയച്ചു. സ്വർണക്കൊളളയിലെ ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയ പത്മകുമാറിനെ അടിയന്തിരമായി പുറത്താക്കണം. നടപടിസ്വീകരിച്ച് കേരളത്തിലെ ജനതയുടെ വിശ്വാസ പ്രമാണങ്ങൾ സംരക്ഷിക്കണമെന്ന് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.ശബരിമലയില്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ ഇടപെടലുകളില്‍ ദേവസ്വം പ്രസിഡന്റായിരുന്ന പത്മകുമാറിനും ഭരണസമിതിക്കും വീഴ്ചയുണ്ടായെന്നാണ് പൊതുവെ പാര്‍ട്ടിയുടെ വിലയിരുത്തല്‍.കേസില്‍ എട്ടാം പ്രതിയായ അന്നത്തെ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റായിരുന്ന പത്മകുമാര്‍ നിലവില്‍ സിപിഐഎം ജില്ലാ കമ്മിറ്റി അംഗമാണ്.
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളയിൽ ജാമ്യം തേടി ജ്വല്ലറി ഉടമ ഗോവര്ദ്ധന് സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പോലെ തന്നെ ഗൂഢാലോചനയിലടക്കം പങ്കുണ്ടെന്ന് SIT കരുതുന്ന ആളാണ് ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവർദ്ധൻ.സ്വർണ പാളികളിൽ നിന്ന് വേർതിരിച്ച സ്വർണം ഗോവർദ്ധൻ വാങ്ങിയെന്നാണ് SIT കണ്ടെത്തൽ.എന്നാൽ തൊണ്ടി മുതൽ കണ്ടെത്താനായിട്ടുമില്ല. ഇതടക്കം SIT കോടതിയിൽ റിപ്പോർട്ടായി നൽകിയിരുന്നു. ഇതിനിടെയാണ് ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ ഗോവര്ദ്ധന് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.









