ഉമ്മൻ ചാണ്ടിയെ സോളാർ കേസിൽ കുരുക്കിയത് കെ ബി ഗണേഷ് കുമാറാണെന്ന ചാണ്ടി ഉമ്മന്റെ ആരോപണത്തിന് തീപിടിക്കുന്നു. പത്തനാപുരത്തു നടന്ന ഒരു പൊതു പരിപാടിയിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എം എൽ എയുമായ ചാണ്ടി ഉമ്മന്റെ പ്രതികരണം. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രതിപക്ഷം ഏറ്റവും ശക്തമായി ഉപയോഗിച്ച ആയുധമായിരുന്നു സോളാർ പീഡനക്കേസ്. കേസിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ ഉൾപ്പെടുത്താനായി കെ ബി ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്നും, കോയമ്പത്തൂരിലും തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലും മറ്റും സി ഡി തേടി അലഞ്ഞുവെന്നും, എന്നിട്ട് സി ഡി കിട്ടിയോ എന്നായിരുന്നു ചാണ്ടി ഉമ്മന്റെ ചോദ്യം. ഇത് ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയമായി ഇല്ലാതാക്കാനായി ഗണേഷ് കുമാർ നടത്തിയ ഗൂഢാലോചനയായിരുന്നു എന്നും ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് ഗണേഷ് കുമാറാണെന്നായിരുന്നു ചാണ്ടിയുടെ ആരോപണം.എന്നാൽ ഉമ്മൻ ചാണ്ടി തന്നെ ചതിച്ചുവെന്നും, തന്റെ കുടുംബം തകർത്തുവെന്നുമുള്ള ആരോപണവുമായി മന്ത്രി കെ ബി ഗണേഷ് കുമാറും രംഗത്തെത്തിയതോടെ സോളാർ പീഡനക്കേസിന് ജീവൻ വെക്കുകയാണ്. സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിയെ പെടുത്തിയതാണെന്ന ആരോപണത്തിൽ നിലവിൽ കൊട്ടാരക്കര കോടതിയിൽ കേസ് നിലനിൽക്കുകയാണ്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ അവസാനിച്ചുവെന്നു കരുതിയ കേസാണ് വീണ്ടും രാഷ്ട്രീയ കേരളത്തിൽ ചർച്ചയാവുന്നത്.
സോളാർ കേസ് പ്രതിയെക്കൊണ്ട് കള്ളസാക്ഷി പറയിപ്പിച്ചുവെന്ന ചാണ്ടി ഉമ്മന്റെ ആരോപണമാണ് ഗണേഷ് കുമാറിനെ ചൊടിപ്പിച്ചത്. ബൈബിൾ വായിക്കണമെന്നായിരുന്നു ചാണ്ടിക്കുള്ള ഗണേഷ് കുമാറിന്റെ ഉപദേശം. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ മൊഴിയാണ് സി ബി ഐക്ക് നൽകിയത്. ആ നന്ദിപോലും ഉമ്മൻ ചാണ്ടി തന്നോട് കാണിച്ചില്ലെന്നായിരുന്നു ഗണേഷിന്റെ പരാതി. എന്നാൽ 18 പേജുള്ള പരാതിക്കാരിയുടെ കത്ത് 24 പേജായിമാറിയതിന് പിന്നിൽ ഗണേഷ് കുമാറായിരുന്നു എന്നായിരുന്നു ചാണ്ടിയുടെ ആരോപണം. ഇത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമെന്ന ആശങ്കയാണ് മന്ത്രി ഗണേഷ് കുമാറിനെ പ്രകോപിപ്പിച്ചത്.
ഉമ്മൻ ചാണ്ടി തന്നെ മന്ത്രിസഭയിൽ നിന്നും മനപൂർവം ഒഴിവാക്കുകയായിരുന്നുവെന്നും, രണ്ട് മക്കളേയും എന്നിൽ നിന്നും അകറ്റിയത് ഉമ്മൻ ചാണ്ടിയാണെന്നുമാണ് ഗണേഷ് കുമാറിന്റെ ആരോപണം. ചില പ്രശ്നങ്ങൾ ഉണ്ടെന്നും, അത് അവസാനിച്ചാൽ മന്ത്രിസ്ഥാനം തിരികെ നൽകാമെന്നുമായിരുന്നു പറഞ്ഞിരുന്നത്, എന്നാൽ മന്ത്രിസഭയിലേക്ക് പിന്നീട് തന്നെ തിരികെ പ്രവേശിപ്പിച്ചില്ല. ഇത് ചതിയായിരുന്നുവെന്നാണ് ഗണേഷ് കുമാറിന്റെ ആരോപണം. ചതിച്ചുവെന്ന് ഉമ്മൻ ചാണ്ടിപോലും ആരോപണമുന്നയിച്ചിട്ടില്ലെന്നാണ് ഗണേഷിന്റെ വാദം.
മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയെ സോളാർ പീഡനകേസിൽ കുരുക്കിയതിന് പിന്നിൽ ഉന്നത ഗൂഢാലോചന നടന്നുവെന്നായിരുന്നു നേരത്തെ ഉയർന്ന ആരോപണം. ഗണേഷ് കുമാറിന്റെ മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതാണ് വിദ്വേഷത്തിന് പിന്നിലെന്നും ആരോപണമുയർന്നിരുന്നു. ഈ ആരോപണം ശരിവെക്കുന്നതാണ് ഗണേഷ് കുമാറിന്റെ പ്രതികരണം. കോൺഗ്രസ് ഈ തിരഞ്ഞെടുപ്പിൽ സോളാർ പീഡനക്കേസ് ഗണേഷിനെതിരയുള്ള പ്രധാന ആയുധമായി ഉപയോഗിക്കാനുള്ള നീക്കത്തിനാണ് ചാണ്ടി തുടക്കമിട്ടിരിക്കുന്നത്.








