Headlines

‘സാബു എം ജേക്കബിൻ്റെ തീരുമാനം ഞെട്ടിച്ചു; ട്വന്റി ട്വന്റിയെ ബിജെപിയുടെ റിക്രൂട്ടിംഗ് ഏജൻസിയായി മാറ്റി’; റസീന പരീത്

എൻഡിഎയിൽ ചേർന്ന സാബു എം. ജേക്കബിൻ്റെ തീരുമാനം ഞെട്ടിച്ചെന്ന് വടവുകോട് മുൻ പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത്. ട്വന്റി ട്വന്റിയെ ബിജെപിയുടെ റിക്രൂട്ടിംഗ് ഏജൻസിയായി മാറ്റിയെന്നും വരും ദിവസങ്ങളിൽ കൂട്ടരാജി ഉണ്ടാകുമെന്നും റസീന പരീത് പറഞ്ഞു. വാർത്ത വരുമ്പോഴാണ് കാര്യങ്ങൾ അറിഞ്ഞതെന്നും ചർച്ച നടത്തിയിരുന്നില്ലെന്നും റസീന പരീത് മാധ്യമങ്ങളോട് പറഞ്ഞു.ജനപ്രതിനിധികൾക്ക് പോലും എൻഡിഎ പ്രവേശനത്തെക്കുറിച്ച് അറിയില്ല. ഏതെങ്കിലും പാർട്ടിയിലേക്ക് ട്വന്റി ട്വന്റി ലയിക്കണമെന്ന് തോന്നിയാൽ പിരിച്ചുവിടുമെന്നാണ് ആദ്യ കാലത്തിൽ പറഞ്ഞിരുന്നത്. ആ നിലപാടിൽ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ തീരുമാനമെന്ന്‌ റസീന പരീത് പറഞ്ഞു. ട്വന്റി-ട്വന്റി അരാഷ്ട്രിയ സംഘടനയാണെന്ന് കാലം കാണിച്ചു തന്നു. ഈ തിരുമാനം കോൺഗ്രസിന് ഗുണം ചെയ്യുമെന്നും റസീന പരീത് പറഞ്ഞു.ജാതിയും മതവും തെളിയിക്കുന്ന സർവ്വേ ട്വന്റി ട്വന്റി നടത്തി. ഇതുപോലും സംശയം ഉണ്ടാക്കുന്നു. സർവേ നടത്തിയത് ബി ജെ പി പറഞ്ഞതായിരിക്കാമെന്ന് റസീന പരീത് ആരോപിച്ചു. എൻഡിഎ പ്രവേശന തീരുമാനം ട്വന്റി ട്വന്റിയുടെ അന്ത്യം കുറിയ്ക്കുമെന്ന് വി.പി സജീന്ദ്രൻ പറഞ്ഞു. ബിസിനസിൻ്റെ നിലനിൽപ്പിന് വേണ്ടി ചെയ്തത്. സാബു ജേക്കബ് സീറോ ആയി മാറും. കാലിൻ്റെ അടിയിലെ മണ്ണ് പോകുന്നത് കുന്നത്തുനാട്ടിൽ കാണാമെന്നും അദേഹം പറഞ്ഞു.

എൻഡിഎ പ്രവേശനത്തിൽ പ്രതിഷേധിച്ച് വടവുകോട് മുൻ പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത്, ഐക്കരനാട് പഞ്ചായത്ത് മുൻ അംഗം ജിൽ മാവേലി, മഴുവന്നൂർ ട്വന്റി ട്വന്റി കോർഡിനേറ്റർ രഞ്ജു പുളിഞ്ചോടൻ എന്നിവർ പാർട്ടി വിട്ടു. മൂന്നു പേരും കോൺഗ്രസിൽ ചേർന്നു.