Headlines

ഇത് ഇലക്ഷന്‍ സ്റ്റണ്ടല്ല; എംഎ ബേബിക്കിത് പുത്തരിയല്ല; പാത്രം കഴുകുന്ന ചിത്രങ്ങള്‍ വൈറല്‍

ഭക്ഷണം കഴിച്ച പാത്രം കഴുകിവച്ച സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. എന്തും ഏതും വൈറലും ട്രോളുമൊക്കെയാകുന്ന കാലത്ത് സമൂഹമാധ്യമങ്ങളിലെ മുന്നണികളുടെ പോര് ഇപ്പോള്‍ ഇതേ ചൊല്ലിയാണ്. ഇലക്ഷന്‍ സ്റ്റണ്ടെന്ന് കോണ്‍ഗ്രസ്, ബിജെപി അനുകൂലികളും അങ്ങനെയല്ലെന്ന് ഇടത് അനുകൂലികളും തമ്മില്‍ പൊരിഞ്ഞ തര്‍ക്കമാണ്.സിപിഐമ്മിന്റെ ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായി ഒരു വീട്ടിലെത്തിയ എംഎ ബേബി ഭക്ഷണ ശേഷം പാത്രം സ്വയം കഴുകി വച്ചു. ഇതിന്റെ വീഡിയോ നിരവധി മാതൃകകളാണ് സഖാഖ് സമ്മാനിച്ചതെന്ന അടിക്കുറിപ്പോടെ കൊടുങ്ങല്ലൂര്‍ ഏരിയ കമ്മിറ്റി തങ്ങളുടെ ഫേസ്ബുക്കില്‍ പങ്കുവച്ചു. നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലായി. അഭിനന്ദന പോസ്റ്റുകള്‍ക്കൊപ്പം പരിഹാസവുമായി എതിരാളികളും എത്തി. പിണറായി വിജയന്റെ മികച്ച ഭരണം കാരണം നാട്ടുകാരുടെ അടുക്കളയില്‍ പാത്രം കഴുകിക്കൊടുക്കേണ്ട ഗതികേടില്‍ എത്തിയ പാര്‍ട്ടി സെക്രട്ടറി എന്നൊക്കെ തരത്തിലായിരുന്നു പരിഹാസം.എന്നാല്‍ ഒരു ഇലക്ഷന്‍ സ്റ്റണ്ട് അല്ലെന്നും എംഎ ബേബിയുടെ പതിവ് ശീലമാണിതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സിപിഐഎം പ്രവര്‍ത്തകരുടെയും അനുകൂലികളുടെയും മറുപടി. പഴയകാല ഫോട്ടോകള്‍ അടക്കം പങ്കുവച്ചാണ് റിപ്ലെ പോസ്റ്റുകള്‍. പരിഹാസത്തിന് പിന്നിലുള്ളവരുടെ സാംസ്‌കാരിക ശൂന്യതയും ഫ്യൂഡല്‍ മനോഭാവവുമാണ് ഇതിലൂടെ വെളിച്ചത്തുവരുന്നതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പോസ്റ്റ് . പുരുഷന്മാര്‍ ഇതൊന്നും ചെയ്യാന്‍ പാടില്ലെന്നുള്ള പഴഞ്ചന്‍ ഫ്യൂഡല്‍ മാടമ്പിത്തരം ഉള്ളില്‍ പേറുന്നവര്‍ക്ക്, ഒരാള്‍ സ്വന്തം പാത്രം കഴുകുന്നത് കാണുമ്പോള്‍ അസ്വസ്ഥത ഉണ്ടായേക്കാമെന്നും അദ്ദേഹം കുറിച്ചു.

സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം കേന്ദ്രകമ്മിറ്റി ഓഫീസായ എ കെ ജി ഭവന്‍ മുതല്‍ തിരുവനന്തപുരം എകെജി സെന്ററിലും എല്ലാ ജില്ലാക്കമ്മിറ്റി ഓഫീസിലും എല്ലാവരും അവനവന്‍ കഴിച്ച പാത്രം കഴുകും. അത് ഒരു ശീലവും സംസ്‌കാരവുമാണെന്നാണ് ഇവര്‍ പറയുന്നത്. ഇതിനുള്ള നിരവധി ഉദാഹരണങ്ങളും നിരത്തുന്നുണ്ട്.

വീട്ടിലായാലും പാര്‍ട്ടി ഓഫീസിലായാലും ബേബി ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകി വെയ്ക്കാറുണ്ടെന്നും ബേബിയുടെ വീട്ടില്‍ ഞാന്‍ ചെല്ലുമ്പോഴെല്ലാം അദ്ദേഹം ഭക്ഷണം വിളമ്പി തരുകയും തന്റെ പാത്രം കഴുകുകയും ചെയ്യാറുണ്ടെന്നും ചെറിയാന്‍ ഫിലിപ്പും സാക്ഷ്യപ്പെടുത്തി. കെ ജി സെന്ററിലും, ഏ കെ ജി ഭവനിലും, ജില്ലാ കമ്മിറ്റി ഓഫീസുകളിലും മെസ്സില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം അവരവര്‍ കഴിച്ച പാത്രങ്ങള്‍ സഖാക്കള്‍ സ്വയം കഴുകി വെക്കുന്ന സമ്പ്രദായമാണുള്ളത്. ബേബി സ്വന്തം വീട്ടിലും അടുപ്പമുള്ള മറ്റു സ്ഥലങ്ങളിലും അങ്ങിനെതന്നെ ചെയ്യുന്നു. ഞങ്ങള്‍ക്കതില്‍ അഭിമാനമേയുള്ളൂവെന്ന് അദ്ദേഹത്തിന്റെ ജീവിത പങ്കാളി ബെറ്റിയും സാക്ഷ്യപ്പെടുത്തുന്നു.

മന്ത്രി ആര്‍. ബിന്ദു അടക്കമുള്ള നിരവധിയാളുകളു സമാന പോസ്റ്റുമായി രംഗത്തെത്തി. എങ്കിലും പരിഹാസങ്ങളില്‍ നിന്ന് പലരും പിന്നോട്ടില്ല. ഇലക്ഷന്‍ തീരുന്നത് വരെയും ചിലപ്പോള്‍ അതിന് ശേഷവും ആ വീഡിയോ ചര്‍ച്ചകളില്‍ തുടരുമെന്ന് ഉറപ്പ്.