Headlines

‘സമുദായ സംഘടനകളുടെ തിണ്ണനിരങ്ങില്ലെന്ന് പറഞ്ഞയാള്‍ സിനഡ് യോഗത്തില്‍പ്പോയി കാലുപിടിച്ചില്ലേ?’; വി ഡി സതീശനെതിരെ ജി സുകുമാരന്‍ നായര്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആഞ്ഞടിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വി ഡി സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണെന്നും അതിന്റെ തിരിച്ചടി അവര്‍ക്ക് കിട്ടുമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. സമുദായ സംഘടനകളുടെ തിണ്ണനിരങ്ങില്ലെന്ന് പറഞ്ഞയാള്‍ സിനഡ് യോഗത്തില്‍പ്പോയി കാലുപിടിച്ചില്ലേയെന്നും വി ഡി സതീശനെ ലക്ഷ്യം വച്ച് ജി സുകുമാരന്‍ നായര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. നയപരമായ വിഷയത്തെ അഭിമുഖീകരിക്കാന്‍ വി ഡി സതീശന് യോഗ്യതയില്ല. ഇത്തരം തത്വങ്ങളൊന്നും പറയാന്‍ തീരെ യോഗ്യതയില്ലാത്തയാളാണ് വി ഡി സതീശനെന്നും അദ്ദേഹം ആഞ്ഞടിച്ചു. (g sukumaran nair against vd satheesan).ചില പരാമര്‍ശങ്ങളില്‍ വെള്ളാപ്പള്ളി നടേശന് വീഴ്ച പറ്റിയിട്ടില്ലെന്ന് പറയുന്നില്ലെന്നാണ് സുകുമാരന്‍ നായരുടെ പക്ഷം. ചില സംഘടനകള്‍ക്കെതിരായാണ് വെള്ളാപ്പള്ളി സംസാരിച്ചത്. ലീഗെന്നാല്‍ മുസ്ലീമെന്നാണോ അര്‍ഥമെന്നും വെള്ളാപ്പള്ളിയുടെ പ്രായത്തേയും പരിഗണിക്കേണ്ടതുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. വെള്ളാപ്പള്ളിയെ ഈ രീതിയില്‍ ആക്ഷേപിക്കരുത്. തന്നെക്കുറിച്ച് നിരവധി പരാമര്‍ശങ്ങള്‍ നടത്തിയയാളാണ് വെള്ളാപ്പള്ളി. പക്ഷേ അതെല്ലാം ക്ഷമിക്കാനാണ് എന്‍എസ്എസ് തീരുമാനിച്ചത്.എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം തകര്‍ത്തത് ലീഗെന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തോട് സുകുമാരന്‍ നായര്‍ യോജിക്കുന്നില്ല. ലീഗൊന്നും അതില്‍ ഒന്നും ചെയ്തിട്ടില്ലെന്നും സംവരണ വിഷയമാണ് ഐക്യം തകര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധം ചെയ്യാനല്ല എന്‍എസ്എസും എസ്എന്‍ഡിപിയും ഒരുമിക്കുന്നത്. എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജി സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.