വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയതു പോലെ റഷ്യൻ പ്രസിഡന്റ് പുടിനെതിരെ സൈനിക നീക്കം ആസൂത്രണം ചെയ്യുന്നുവെന്ന സൂചനകൾ തള്ളി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുടിനുമായി തനിക്ക് നല്ല ബന്ധമാണുള്ളത്. അത്തരമൊരു നീക്കം ആവശ്യമില്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു
അതേസമയം യുക്രൈൻ യുദ്ധം നീണ്ടുപോകുന്നതിൽ ട്രംപ് നിരാശ രേഖപ്പെടുത്തി. മഡൂറോയുടെ അറസ്റ്റിന് പിന്നാലെ അടുത്തത് പുടിൻ ആയിരിക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.
അതൊന്നും ആവശ്യമായി വരുമെന്ന് തോന്നുന്നില്ല. പുടിനുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. അത് തുടരുമെന്നാണ് കരുതുന്നത്. റഷ്യ-യുക്രൈൻ സംഘർഷം അവസാനിക്കാത്തതിൽ താൻ വളരെ നിരാശനാണെന്നും ട്രംപ് പറഞ്ഞു.








