Headlines

ബോംബ് പൊട്ടുമെന്ന് പണ്ട് പറഞ്ഞിട്ട് പൊട്ടിയില്ലല്ലോ, അതുപോലെ നൂറും പൊട്ടും; മൂന്നാംതവണയും എൽഡിഎഫ് അധികാരത്തിൽ വരും; എം വി ഗോവിന്ദൻ

കേരളത്തിന്‍റെ പ്രതിപക്ഷം100ലധികം സീറ്റുകളോടെ അധികാരത്തിലെത്തുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഒരു വിസ്മയവും ഉണ്ടാകാൻ പോകുന്നില്ല. ബോംബ് പൊട്ടുമെന്ന് പണ്ട് പറഞ്ഞിട്ട് പൊട്ടിയില്ലല്ലോ. അതുപോലെ നൂറും പൊട്ടും. ഇടതുപക്ഷ മുന്നണി നല്ല ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിൽ വരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.ഏതു ബോംബ് പൊട്ടിയാലും എൽഡിഎഫ് അധികാരത്തിൽ വരുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ആൻറണി രാജുവിനെ അയോഗ്യനാക്കിയത്, എൽഡിഎഫിന് തിരിച്ചടി അല്ല. ആന്റണി രാജു എൽഡിഎഫിലേക്ക് വരുന്നതിന് എത്രയോ മുമ്പുണ്ടായ കേസാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കാര്യവും ആലോചിച്ചിട്ടില്ല. പുനർജനി കേസിൽ തങ്ങൾ ആരെയും കുടുക്കാൻ നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കേരളത്തിന്‍റെ പ്രതിപക്ഷം 100ലധികം സീറ്റുകളോടെ അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് നേതൃക്യാമ്പ് ലക്ഷ്യ-2026 സമാപനത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇത് വെറും യുഡിഎഫ് അല്ലെന്നും ടീം യുഡിഎഫ് ആണെന്നും കേരളം കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കൽ പ്ലാറ്റ്‍ഫോം ഉയരുമെന്നും വിഡി സതീശൻ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഇടതുപക്ഷത്തിന്‍റെ സഹയാത്രികര്‍ യുഡിഎഫ് പ്ലാറ്റ്‍ഫോമിലെത്തും . തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വിസ്മയങ്ങള്‍ ഉണ്ടാകുമെന്നും വിഡി സതീശൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരളത്തിന്‍റെ നികുതി വരുമാനം വർധിപ്പിക്കും. നികുതി കൊള്ള നടത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും.

എൽഡിഎഫ് സർക്കാരിനെ താഴെ ഇറക്കാൻ യുഡിഎഫിനേക്കാള്‍ ആഗ്രഹിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്. യുഡിഎഫ് അടിത്തറ ശക്തിപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസമുള്ളതുകൊണ്ടാണ് 100 സീറ്റ് എന്ന ലക്ഷ്യം വെച്ചത്. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് തർക്കമുണ്ടെന്ന പ്രചരണം സിപിഐഎം തന്ത്രമാണ്. മുഖ്യമന്ത്രി ആര് എന്നത് കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കും.

അതിൽ ഒരാളുപോലും തർക്കിക്കില്ലെന്നും പാർട്ടിക്ക് നേതാക്കളുടെ ഒരു വലിയ നിര തന്നെ ഉണ്ടെന്നും അതുകൊണ്ടാണ് ഈ പ്രചാരണമെന്നും വിഡി സതീശൻ പറഞ്ഞു. എൽഡിഎഫ് ശിഥിലമായിരിക്കുകയാണെന്നും കെപിസിസി ടീമിന് ചരിത്ര നിയോഗമാണിതെന്നും കേരളത്തിലെ ജനങ്ങളോട് നീതി പുലര്‍ത്തുമെന്നും വിഡി സതീശൻ പറഞ്ഞു.