പ്രതിപക്ഷ നേതാവിന്റെ തലമുറ മാറ്റ പ്രസ്താവന യൂത്ത് കോൺഗ്രസ് സ്വാഗതം ചെയ്യുകയാണെന്ന് ഒ ജെ ജനീഷ്. ഉദയ്പൂർ സമ്മേളനത്തിന്റെ തീരുമാനം കേരളത്തിൽ ഗൗരവമായി നടപ്പാക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ചെറുപ്പക്കാരായ സ്ഥാനാർഥികൾ മത്സരിച്ച ഇടങ്ങളിൽ വൻവിജയം നേടാനായി. കാലങ്ങളായി ഇടതുകോട്ടകളായിരുന്ന സ്ഥലങ്ങളിലെല്ലാം ഐക്യ ജനാധിപത്യ മുന്നണിയ്ക്ക് വലിയ നേട്ടം കൊയ്യാൻ സാധിച്ചു. കാലത്തിന്റെ ചുവരെഴുത്തുകൾ പാർട്ടി വായിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഒ ജെ ജനീഷ് വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കളുടെ കൂടുതൽ പ്രാഥമിത്യം ഉണ്ടാകും എന്നുള്ളതാണ് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്. അതിൽ സന്തോഷമുണ്ട്. പലപ്പോഴായി അവസരങ്ങൾ നിഷേധിക്കപ്പെട്ട എല്ലാവർക്കും അവസരം ലഭിക്കണം ഒ ജെ ജനീഷ് പറഞ്ഞു.
മറ്റത്തൂർ വിഷയം ഉയർത്തി മുഖ്യമന്ത്രി ആഘോഷിക്കുകയാണ്. നിന്ന നിൽപ്പിൽ കോൺഗ്രസുകാർ ബിജെപിയിലേക്ക് പോയി എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ കോൺഗ്രസിൽ നിന്ന് ആരും തന്നെ ബിജെപിയിലേക്ക് പോയിട്ടില്ല. യുഡിഎഫിന്റെ മെമ്പർമാർ ഒരു സ്ഥാനാർഥിയെ നിർത്തി അവർക്ക് ബിജെപി വോട്ട് ചെയ്യുകയാണ് ഉണ്ടായത്. ആരും തന്നെ അവിടെ ബിജെപി അംഗത്വം എടുക്കുകയും. ബിജെപിയിലേക്ക് പോവുകയോ ചെയ്തിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് കൃത്യമായി നിർദേശം കെപിസിസി നൽകിയിരുന്നു. അതിന് വിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് മറ്റത്തൂരിൽ നടപടിയെടുത്തത്. മറ്റത്തൂരിൽ വാർഡ് മെമ്പർ ആയിരുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെയും നടപടി ഉണ്ടാകുമെന്നും ഒ ജെ ജനീഷ് വ്യക്തമാക്കി.







