സംസ്ഥാനത്ത് പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; കുമരകത്ത് ബിജെപി-യുഡിഎഫ് സഖ്യം, ചിലയിടങ്ങളിൽ മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുരോ​ഗമിക്കുന്നു. 941 പഞ്ചായത്തുകൾ, 152 ബ്ലോക്കു പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വിവിധയിടങ്ങളിൽ നറുക്കെടുപ്പിലൂടെയാണ് പ്രസിഡൻ്റിനെ കണ്ടെത്തിയത്. കോട്ടയം എരുമേലി പഞ്ചായത്ത്, പുല്ലൂർ – പെരിയ പഞ്ചായത്ത് തുടങ്ങി ചിലയിടങ്ങളിൽ തെര‍ഞ്ഞെടുപ്പ് മാറ്റി വെച്ചു. കോട്ടയത്ത് കുമരകം പഞ്ചായത്ത്‌ ഭരണം ബിജെപി – യുഡിഎഫ് സഖ്യത്തിന് ലഭിച്ചു. നറുക്കെടുപ്പിൽ ഈ സഖ്യത്തിന്റെ സ്ഥാനാർഥി എപി ഗോപി തെരെഞ്ഞെടുക്കപ്പെടുകയായിരുന്നു. യുഡിഎഫ് സ്വതന്ത്രനായാണ് എപി ഗോപി പഞ്ചായത്ത് അംഗമായത്. എൽഡിഫ് പ്രസിഡന്റ് സ്ഥാനാർഥി കെഎസ് സലിമോൻ ആയിരുന്നു.

സിപിഎം വിമതൻ്റെ പിന്തുണയോടെ എറണാകുളം ജില്ലയിലെ ചേന്ദമംഗലം പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു. കോൺഗ്രസിലെ ഹരിദാസ് ആണ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് എൽഡിഎഫ് – യുഡിഎഫ് സഖ്യത്തിന് ലഭിച്ചു. സിപിഎം വിമതയുടെ പിന്തുണയിലാണ് ഭരണത്തിലെത്തിയത്. സിപിഎമ്മിൻ്റെ പ്രമോദിന് 9 വോട്ടുകളാണ് ലഭിച്ചത്. 60 വർഷത്തിനു ശേഷം കോൺഗ്രസിന് ഭരണം നഷ്ടപ്പെടുകയായിരുന്നു. പാലക്കാട് തൃത്താല ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫ് ഭരിക്കും. എൽഡിഎഫ് – യുഡിഎഫ് മുന്നണികൾക്ക് 8 വീതം സീറ്റുകളാണ് ലഭിച്ചത്. നറുക്കെടുപ്പ് എൽഡിഎഫിനാണ് അനുകൂലമായത്. പിആർ കുഞ്ഞുണ്ണി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകും. അതേസമയം, കോട്ടയം ഭരണങ്ങാനം പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം എൽഡിഎഫിന് ലഭിച്ചു. നറുക്കെടുപ്പിലൂടെയാണ് പ്രസിഡൻ്റിനെ തെരഞ്ഞെടുത്തത്. കേരള കോൺഗ്രസ് എമ്മിലെ സുധാ ഷാജിയാണ് പ്രസിഡന്റ്. പഞ്ചായത്തിൽ യുഡിഎഫിനും എൽഡിഎഫിനും ആറു വീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്. രണ്ട് ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു

ഇടുക്കി രാജകുമാരി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ എൽഡിഎഫിന് ലഭിച്ചു. എൻ ഈശ്വരൻ ആണ് പഞ്ചായത്ത് പ്രസിഡന്റ്