കർണാടകയിലെ ബുൾഡോസർ രാജിൽ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്റെ ‘ബുൾഡോസർ രാജ്’ കോൺഗ്രസിലൂടെ കർണാടകയിലും എത്തിയിരിക്കുകയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
ബാംഗ്ലൂർ നഗരത്തിലെ യലഹങ്കയിലുള്ള ഫക്കീർ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിലെ അഞ്ഞൂറോളം വീടുകളാണ് കഴിഞ്ഞ ദിവസം കർണാടക അധികൃതർ ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. മൂന്ന് പതിറ്റാണ്ടിലേറെയായി അവിടെ താമസിക്കുന്ന മൂവായിരത്തോളം വരുന്ന മുസ്ലിം ജനവിഭാഗത്തെ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പുലർച്ചെ തെരുവിലേക്ക് തള്ളിവിട്ടതെന്ന് സനോജ് ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാക്കൾ ഉയർത്തിക്കാട്ടുന്ന ‘സ്നേഹത്തിന്റെ കട’ (Mohabbat Ki Dukaan) പാവപ്പെട്ടവരുടെ വീടുകൾ തകർത്താണോ സ്നേഹം പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.






