ഗുരുവായൂർ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മുസ്ലിം ലീഗ്. കാലങ്ങളായി ലീഗ് മത്സരിക്കുന്ന മണ്ഡലം ഈ വട്ടവും മുസ്‌ലിം ലീഗ് തന്നെ മത്സരിക്കുമെന്ന് ജില്ലാ അധ്യക്ഷൻ സി എ റഷീദ് പറഞ്ഞു. പട്ടാമ്പി സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ധാരണയില്ല. ലീഗ് സംസ്ഥാന നേതൃത്വം ഇത്തരം ഒരു കാര്യം ആലോചിച്ചിട്ടില്ലെന്ന് സിഎ റഷീദ് പറഞ്ഞു.
കെ മുരളീധരൻ തൃശൂരിൽ മത്സരിക്കുന്നത് സന്തോഷം. മുരളീധരനെ പോലെ ഒരാൾ എവിടെ നിന്നായാലും ജയിക്കും എന്ന കാര്യം ഉറപ്പാണെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞത് തമാശയാണെന്നും സിഎ റഷീദ് കൂട്ടിച്ചേർത്തു. കെ മുരളീധരന്റെ വരവ് ജില്ല നേതൃത്വവും സ്വാഗതം ചെയ്യുന്നു. ഗുരുവായൂർ സീറ്റ് കോൺഗ്രസിന് വേണമെന്നാണ് ജില്ല നേതൃത്വത്തിന്റെയും നിലപാട്. ഇതാണിപ്പോൾ മുസ്ലിം ലീഗ് തള്ളിയിരിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതം മുൻനിർത്തിയാണ് നിയമസഭ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാൻ നീക്കം നടത്തുന്നത്. എല്ലാം പാർട്ടി തീരുമാനിക്കുമെന്നും തിരുവനന്തപുരത്ത് പ്രവർത്തിക്കാനാണ് താത്പര്യമെന്നുമാണ് കെ മുരളീധരൻ പറയുന്നത്. ഗുരുവായൂർ സീറ്റിന് പകരം പട്ടാമ്പി സീറ്റ് ലീഗിന് നൽകാനാണ് കോൺഗ്രസ് ആലോചന നടത്തുന്നത്.







