ശബരിമല സ്വര്‍ണക്കൊള്ള: ‘ ഉന്നതന്മാരിലേക്ക് അന്വേഷണം എത്തിയിട്ടില്ല, എസ്‌ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ച് നിര്‍ത്തുന്നു’; സണ്ണി ജോസഫ്

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ വിമര്‍ശിച്ച ഹൈക്കോടതി നടപടിയില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഹൈക്കോടതി വിമര്‍ശനം സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കോടതി അന്വേഷണത്തെപ്പറ്റി വസ്തുനിഷ്ഠമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ ഉന്നതന്‍മാര്‍ക്ക് പങ്കുണ്ടെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ആ ഉന്നതന്‍മാരിലേക്ക് അന്വേഷണ സംഘം എത്തിയിട്ടില്ല. ആ ഉന്നതന്‍മാരെ പ്രതിചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ആ ഉന്നതന്‍മാരെ ചോദ്യം ചെയ്യുന്നതില്‍ പോലും അന്വേഷണ സംഘം മടിച്ച് നില്‍ക്കുകയാണ്. അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയന്ത്രിക്കുകയാണ്. സര്‍ക്കാരിന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തുന്നതിന് വേണ്ടി അന്വേഷണത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുകയാണ്. അന്വേഷണം വളരെ മന്ദഗതിയിലാണ്. അത് കോടതി തന്നെ ചൂണ്ടിക്കാട്ടിയിരിക്കുന്നു. വളരെ ഗൗരവമേറിയ ഇത്തരത്തിലൊരു അന്വേഷിച്ച് മുഴുവന്‍ പ്രതികളെയും പിടികൂടാനും നഷ്ടപ്പെട്ട സ്വര്‍ണം വീണ്ടെടുക്കാനും കോടതി നിര്‍ദേശിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ സാധിച്ചില്ല എന്നുള്ളത് ഗൗരവതരമാണ് – അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി കാര്യങ്ങള്‍ വസ്തുനിഷ്ടമായി പരിശോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച് അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചത് അങ്ങേയറ്റം ഗൗരവത്തോടെ തങ്ങള്‍ കാണുന്നുവെന്നും അദ്ദേഹം പറയുന്നു.വിഷയത്തില്‍ കോടതി മാത്രമാണ് ആശ്വാസമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം നേതാക്കന്മാരായ പ്രതികളെ പാര്‍ട്ടി കവചം നല്‍കി സംരക്ഷിക്കുന്നു എന്ന സൂചനയാണ് കോടതി ഉത്തരവിലൂടെ ജനങ്ങളിലേക്ക് എത്തിയിരിക്കുന്നത്. ശബരിമല സ്വര്‍ണ്ണക്കൊള്ളയെ പറ്റിയുള്ള ജനങ്ങളുടെ ആശങ്ക വര്‍ദ്ധിക്കുകയാണ് – അദ്ദേഹം പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ ഹൈകോടതി സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ആയിരുന്ന ശങ്കര്‍ദാസിനെയും, വിജയകുമാറിനെയും പ്രതി ചേര്‍ക്കാത്തത് എന്തെന്നാണ് കോടതിയുടെ ചോദ്യം. അന്വേഷണ സംഘത്തിന്റെ മെല്ലെപ്പോക്കിലും കോടതി സംശയം പ്രകടിപ്പിച്ചു. കേസിലെ പ്രതികളായ എന്‍ വാസു, മുരാരി ബാബു, കെ എസ് ബൈജു എന്നിവരുടെ ജാമ്യം തള്ളിയ ഉത്തരവിലാണ് കോടതി പരാമര്‍ശം.ആദ്യമായാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ ഹൈകോടതി വിമര്‍ശനം ഉന്നയിക്കുന്നത്.
ഡിസംബര്‍ അഞ്ചിന് ശേഷം അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. കൂട്ടായ തീരുമാനമാണ് ദേവസ്വം ബോര്‍ഡ് എടുക്കുക.

എ പത്മകുമാറിനെപോലെ തന്നെ
ബോര്‍ഡംഗങ്ങളായ ശങ്കര്‍ദാസിനും വിജയകുമാറിനും, കൂട്ടുത്തരവാദിത്തം ഉണ്ട് എന്തുകൊണ്ടാണ് ഇവരെ പ്രതിചേര്‍ക്കാത്തത് എന്ന് മനസിലാകുന്നില്ല. അന്വേഷണത്തില്‍ വിവേചനം പാടില്ലെന്നും കോടതി വ്യക്തമാക്കി.