തനിക്കെതിരെ സോഷ്യല്‍ മീഡിയയിലും ഫോണ്‍ കോളുകളിലൂടെയും വരുന്ന ഭീഷണി സന്ദേശങ്ങള്‍ ഗൗരവതരമെന്ന് ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി. ദിലീപുമായി ഈ ഭീഷണി സന്ദേശങ്ങള്‍ക്ക് ബന്ധമില്ലെങ്കില്‍ ഫാന്‍സുകാരോട് ഈ ഭീഷണി നിര്‍ത്തൂ എന്ന് പരസ്യമായി പറയാന്‍ ദിലീപ് തയ്യാറാകണമായിരുന്നു. ഇത് തന്നെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നുവെന്ന് ദിലീപ് തന്നെ ആരാധകരോട് പറയുമായിരുന്നു. ദിലീപ് ഇതൊന്നും തള്ളിപ്പറയാത്തിടത്തോളം ഇതില്‍ ദിലീപിന് പങ്കുണ്ടെന്ന് തോന്നിപ്പോകുന്നത് സ്വാഭാവികമാണെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.
‘കുറച്ച് തമാശയായിക്കൂടി പറയട്ടേ. എനിക്കിനി എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ദിലീപായിരിക്കും. കാരണം ക്വട്ടേഷന്‍ കൊടുക്കാന്‍ മിടുക്കനാണല്ലോ’ ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ. ദിലീപിന്റെ സിനിമയ്‌ക്കെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. സിനിമ കാണരുതെന്ന് പറയാന്‍ താന്‍ ആരാണെന്ന് ചോദിച്ച ഭാഗ്യലക്ഷ്മി തന്റെ പോരാട്ടം ഇങ്ങനെ അല്ലെന്നും പറഞ്ഞു. തന്റെ പേരില്‍ നിരവധി വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. വേറെയൊരാള്‍ തനിക്ക് വേണ്ടി സംസാരിക്കേണ്ടെന്നും തനിക്ക് പറയാനുള്ളത് താന്‍ പറഞ്ഞോളാമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
മുഖത്ത് ആസിഡ് ഒഴിക്കും എന്ന് ഭീഷണി കോള്‍ വന്നതിന് പിന്നാലെയായിരുന്നു ഭാഗ്യലക്ഷ്മയുടെ പ്രതികരണം. വിദേശത്ത് നിന്നടക്കം കോളുകള്‍ വന്നുവെന്നും അവര്‍ വ്യക്തമാക്കി. കമെന്റ്കളില്‍ കൂടെയും ആരൊക്കെ തെറി വിളിച്ചാലും അതിനൊന്നും ഞങ്ങള്‍ ആരും മറുപടി പറയില്ല. അത് നിങ്ങള്‍ അര്‍ഹിക്കുന്നുമില്ല. ഞങ്ങള്‍ പോരാടുന്നത് നീതിക്ക് വേണ്ടിയാണ്, അല്ലാതെ കൊട്ടേഷന്‍ കൊടുക്കാന്‍ വേണ്ടിയല്ല. എന്റെ മറുപടിയില്‍ കൂടി അങ്ങനെ വൈറല്‍ ആവണ്ട ഏട്ടന്റെ അനിയന്മാരെന്നാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.







