Headlines

നാഷണല്‍ ഹെറാള്‍ഡ് കേസ്; കോടതി ഇടപെടല്‍ നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും മുഖത്തേറ്റ അടിയെന്ന് കോണ്‍ഗ്രസ്

നാഷണല്‍ ഹെറാള്‍ഡ് കേസ് രാഷ്ട്രീയ പകപോക്കല്‍ എന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ മോശക്കാരാക്കി ചിത്രീകരിക്കുന്നുവെന്നും ഖര്‍ഗെ ആരോപിച്ചു.

കോടതിവിധി സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ ഖര്‍ഗെ എല്ലായ്‌പ്പോഴും സത്യം ജയിക്കുമെന്നും പറഞ്ഞു. കോടതി വിധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെയും മുഖത്ത് ഏറ്റ അടിയെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മോദിയും അമിത് ഷായും രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തില്‍ രാഷ്ട്രീയ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

നാഷണല്‍ ഹെറാള്‍ഡ് കേസ് ഇഡിയുടെ മുഖത്ത് ഏറ്റ കനത്ത പ്രഹരമെന്ന് കെസി വേണുഗോപാലും പ്രതികരിച്ചു. കേസ് പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമെന്നും അദ്ദേഹം പറഞ്ഞു. ഇഡിയെ നിയമവിരുദ്ധമായി ഉപയോഗിച്ചു. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി ആയിരുന്നു ഇത് – അദ്ദേഹം പറഞ്ഞു.

കേസില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ട് ഇഡി നല്‍കിയ പരാതി ഡല്‍ഹി റൗസ് അവന്യൂ കോടതി തള്ളിയിരുന്നു. കേസില്‍ അന്വേഷണം തുടരാം എന്ന് അറിയിച്ച കോടതി ഇഡി കുറ്റപത്രത്തില്‍ ഇടപെടാന്‍ വിസമ്മതിക്കുകയായിരുന്നു കോടതി. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അതിനാല്‍ PMLA ആക്ട് പ്രകാരം ഇഡിയുടെ കുറ്റപത്രം നിലനില്‍ക്കില്ല എന്നും ഡല്‍ഹി റൗസ് അവെന്യൂ കോടതി വ്യക്തമാക്കി. പൊലീസിന്റെ എഫ്‌ഐആറില്‍ ഇഡിക്ക് തുടര്‍നടപടിയാക്കാം എന്നും കോടതി അറിയിച്ചു.

അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡ്, യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍. കള്ളപ്പണം വെളുപ്പിക്കലിലൂടെ 142 കോടി രൂപയുടെ ലാഭം ഗാന്ധി കുടുംബം സ്വന്തമാക്കി എന്നും വാദമുണ്ട്. കേസില്‍ കഴിഞ്ഞ ഏപ്രിലിലാണ് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. ഇഡി കുറ്റപത്രം ഡല്‍ഹി കോടതി തള്ളിയതോടെ മോദി സര്‍ക്കാരിന്റെ വഞ്ചനയും നിയമവിരുദ്ധതയും തുറന്നു കാട്ടപ്പെട്ടുവെന്ന് കോണ്‍ഗ്രസ് ഇന്നലെ പ്രതികരിച്ചിരുന്നു.