Headlines

നോബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദിയെ അറസ്റ്റ് ചെയ്ത് ഇറാനിയൻ സുരക്ഷാ സേന

2023 നോബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദിയെ ഇറാനിയൻ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഭിഭാഷകൻ ഖോസ്രോ അലികോർഡിയുടെ അനുസ്മരണചടങ്ങിൽ പങ്കെടുക്കവേയാണ് നർഗീസിനെ ഇറാൻ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. 53 കാരിയായ മുഹമ്മദിയെ മറ്റ് ആക്ടിവിസ്റ്റുകളോടൊപ്പം കിഴക്കൻ നഗരമായ മഷാദിൽ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് നർഗസ് ഫൗണ്ടേഷൻ അറിയിച്ചു.

ആരോഗ്യപരമായ കാരണങ്ങളാൽ 2024 ഡിസംബറിൽ താൽക്കാലികമായി ജയിൽ മോചിതയായ നർഗീസ് മുഹമ്മദി ഇസ്രയേലുമായുള്ള വെടിനിർത്തലിനുശേഷം ഇറാൻ അധികാരികൾ അടിച്ചമർത്തൽ ശക്തമാക്കുകയാണെന്ന് അടുത്തിടെ ആരോപിച്ചിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടമാണ് നർഗീസിനെ 2023ൽ നോബേൽ സമ്മാനത്തിന് അർഹയാക്കിയത്.

“നർഗസ് മുഹമ്മദിയുടെ അറസ്റ്റിൽ വളരെയധികം ആശങ്കയുണ്ടെന്ന്” നൊബേൽ കമ്മിറ്റി പറഞ്ഞു. “മുഹമ്മദി എവിടെയാണുള്ളതെന്ന് വ്യക്തമാക്കാനും, അവരുടെ സുരക്ഷ ഉറപ്പാക്കാനും, ഉപാധികളില്ലാതെ അവരെ വിട്ടയക്കാനും” അധികാരികളോട് ആവശ്യപ്പെട്ടതായി നൊബേൽ കമ്മിറ്റി അറിയിച്ചു.