വിവാദങ്ങളും രാഷ്ട്രീയ പോരുമൊക്കെ തിരഞ്ഞെടുപ്പില്‍ സാധാരണമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി വിവാദങ്ങള്‍ മാത്രമായി മാറുകയാണ് തിരഞ്ഞെടുപ്പ് രംഗം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് കിഫ്ബിയുമായി ബന്ധപ്പെട്ട് ,സിപിഐഎം നേതാവും മുന്‍ധനമന്ത്രിയുമായ ഡോ തോമസ് ഐസക്കിനെതിരെ ഇ ഡി നോട്ടീസ് അയച്ചത് വന്‍വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം പിന്നീട് ഇ ഡി കിഫ്ബി വിഷയത്തില്‍ ഇ ഡി മൗനം പാലിക്കുകയായിരുന്നു. മസാലബോണ്ട് വഴി വിദേശത്തുനിന്നും നിക്ഷേപം സ്വീകരിച്ചത് നിയമപ്രകാരമല്ലെന്നായിരുന്നു ഇ ഡിയുടെ ആരോപണം.
ആര്‍ ബി ഐ യുടെ അനുമതിയില്ലാതെയാണ് മസാലബോണ്ട് ഇക്കിയതെന്നാണ് ഇ ഡിയുടെ നോട്ടീസില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും, ആര്‍ ബി ഐയുടെ അനുമതിയോടെയാണ് മസാലബോണ്ട് പുറത്തിറക്കിയതെന്നാണ് മുന്‍ ധനമന്ത്രിയായ ഡോ തോമസ് ഐസക് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയത്.
കിഫ്ബി ചെയര്‍മാന്‍ എന്ന നിലയിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇ ഡി നോട്ടീസ് അയച്ചിരിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനായി ഇ ഡി വിളിച്ചുവരുത്തുന്നത് ദേശീയതലത്തില്‍ ഇതിനകം ചര്‍ച്ചയായിരിക്കയാണ്. തദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനുള്ള ഇ ഡിയുടെ നീക്കം വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിയൊരുക്കും. സംസ്ഥാനത്ത് നിരവധി കേസുകള്‍ ഇ ഡി രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും മുഖ്യമന്ത്രിയോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇ ഡി ആവശ്യപ്പെടുന്നത് ഇതാദ്യമാണ്. മുഖ്യമന്ത്രിയുടെ മകള്‍ ടി വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് ചെയ്യാത്ത സേവനത്തിന്റെ പേരില്‍ കരിമണല്‍ കമ്പനിയില്‍ നിന്നും പണം വാങ്ങിച്ചെന്നായിരുന്നു കേസ്. കേരളത്തില്‍ എസ് എഫ് ഐ ഒ അന്വേഷണം ഏറ്റെടുത്ത ആദ്യ കേസന്വേഷണായിരുന്നു അത്. അന്വേഷണം പൂര്‍ത്തീകരിച്ച് അന്തിമ നടപടികള്‍ക്കായി റിപ്പോര്‍ട്ട് ധനവകുപ്പ് സമര്‍പ്പിച്ചുവെങ്കിലും റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് വിവാദമായ നയതന്ത്രബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഇ ഡി അന്വേഷണവും ചോദ്യം ചെയ്യലുകളും നടത്തിയത്. അന്ന് മന്ത്രിയായിരുന്ന കെ ടി ജലീലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കരന്‍ അറസ്റ്റിലായതൊഴിച്ചു നിര്‍ത്തിയാല്‍ മറ്റൊന്നും ഈ കേസിലും സംഭവിച്ചില്ല. നയതന്ത്രബാഗേജ് വഴി 30 കിലോ സ്വര്‍ണം കേരളത്തിലേക്ക് കടത്തിയെന്നായിരുന്നു കേസ്. കേരള രാഷ്ട്രീയം തിളച്ചുമറിഞ്ഞ കേസിയാരുന്നു സ്വര്‍ണക്കടത്ത് കേസ്. സ്വപ്‌ന സുരേഷ് നിരവധി വെളിപ്പെടുത്തലുകളും ആരോപണങ്ങളും ഒക്കെ നിരത്തിയെങ്കിലും ഇ ഡി അന്വേഷണം എവിടേയും എത്തിയില്ല. ഇതെല്ലാം തിരഞ്ഞെടുപ്പില്‍ പ്രധാന ആയുധമാക്കപ്പെട്ടുവെങ്കിലും ഇ ഡി അന്വേഷണം മുന്നോട്ടുപോയില്ല.
കിഫ്ബി യുമായി ബന്ധപ്പെട്ട് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിനെതിരേയും നടപടികളുമായി കേന്ദ്ര ഏജന്‍സികള്‍ മുന്നോട്ടുവന്നുവെങ്കിലും, കോടതിയുടെ ഇടപെടലോടെ ഇ ഡി പിന്നോക്കം പോവുകയായിരുന്നു.
ഒരു ഇടവേളയ്ക്കു ശേഷം ഇ ഡി വീണ്ടും കിഫ്ബി വിഷയത്തില്‍ നിലപാട് കടുപ്പിക്കയാണ്. കിഫ്ബി ചെയര്‍മാനായ മുഖ്യമന്ത്രിക്കും കിഫ്ബിയുടെ സൂത്രധാരനായ മുന്‍ ധനമന്ത്രിയ്ക്കും കിഫ്ബി ഉന്നത ഉദ്യോഗസ്ഥര്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാവാനായി നോട്ടീസ് അയച്ചിരിക്കയാണ്. ശബരിമലയിലെ സ്വര്‍ണക്കൊള്ളയും, രാഹുല്‍ മാങ്കൂട്ടം എം എല്‍ എയ്‌ക്കെതിരേയുള്ള ലൈംഗിക പീഡന കേസും കേരള രാഷ്ട്രീയത്തില്‍ സൃഷ്ടിച്ചിരിക്കുവന്ന പ്രതിരോധം കൂടുതല്‍ രൂക്ഷമായിരിക്കയാണ് ഇ ഡിയുടെ നോട്ടീസോടെ. തിരഞ്ഞെടുപ്പില്‍ ബി ജെ പി- സി പി ഐ എം അന്തര്‍ധാര സജീവമാണെന്ന ചര്‍ച്ചകള്‍ക്കിടെയാണ് ഇ ഡിയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്. മസാലബോണ്ടില്‍ വന്‍ നഷ്ടം സംഭവിച്ചതായുള്ള കണ്ടെത്തലാണ് പുതിയ നീക്കത്തിന് ആധാരമെന്നാണ് പറയപ്പെടുന്നത്. ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റു ചെയ്തിരിക്കുന്ന മസാലബോണ്ടിനെതിരെ തുടക്കം മുതല്‍ കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു. ബോണ്ടിലൂടെ സംഭരിച്ചിരിക്കുന്ന തുക, 9 ശതമാനം പലിശയാണ് നല്‌കേണ്ടത്. ഇത്രയും വലിയ പലിശനിരത്തില്‍ സ്വീകരിച്ചിരിക്കുന്ന പണം, കേരളത്തിലെ ഒരു പൊതുമേഖലാ ബാങ്കില്‍ നിക്ഷേപിച്ച 6.45 പലിശയാണ് ലഭ്യമാവുന്നത്. കേരളത്തിലെ വികസന പ്രവര്‍ത്തികള്‍ക്കായി ഫണ്ട് കണ്ടെത്താനാണ് കിഫ്ബിക്ക് തുടക്കമിട്ടത്.








