Headlines

ജാതി അധിക്ഷേപ ആരോപണം നേരിടുന്ന വിജയകുമാരിക്ക് പുതിയ പദവി; രാഷ്ട്രപതി നാമനിർദേശം ചെയ്തു

കേരള സർവകലാശാലയിസലെ പിഎച്ച്ഡി വിവാദത്തിൽ ജാതി അധിക്ഷേപം നേരിടുന്ന ഡീൻ ഡോക്ടർ സി എൻ വിജയകുമാരിയ്ക്ക് പുതിയ പദവി. കേന്ദ്ര സർവകലാശാലയിലെ പരമോന്നത സമിതിയായ കോർട്ടിലേക്ക് രാഷ്ട്രപതി ഡോക്ടർ സി എൻ വിജയകുമാരിയെ നാമനിർദേശം ചെയ്തു. പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിലേക്കാണ് നാമനിർദ്ദേശം ചെയ്തത്.

സെനറ്റിന് സമാനമായ പദവിയാണ് കോർട്ട്. ഈ കോർട്ടിലേക്ക് രാഷ്ട്രപതിക്ക് 10 പേരെ നാമനിർദേശം ചെയ്യാം. കേരള സർവകലാശാലയിലെ സെനറ്റം അംഗം കൂടിയാണ് വിജയകുമാരി. മൂന്ന് വർഷത്തേയ്ക്കാണ് നാമ നിർദ്ദേശം ചെയ്തത്. കേരള സർവകലാശാലയിൽ ഡീൻ പദവിയിലും തുടരും. ഗവേഷക വിദ്യാർഥിയെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ വിജയകുമാരിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞെങ്കിലും മുൻകൂർ ജാമ്യാപേക്ഷ സംബന്ധിച്ച തീരുമാനം ആയിട്ടില്ല.

കാര്യവട്ടം ക്യാമ്പസിലെ പി എച്ച് ഡി വിദ്യാർഥി വിപിൻ വിജയനെതിരെയാണ് വകുപ്പ് മേധാവി ജാതി അധിക്ഷേപം നടത്തിയത്. പുലയ സമുദായത്തിൽ പെട്ട തന്നോട് പുലയന്മാർ സംസ്കൃതം പഠിക്കണ്ടന്നും പുലയനും പറയനും വന്നതോടെ സംസ്കൃത വിഭാഗത്തിന്റെ മഹിമ നശിച്ചുവെന്നും ഡോ. സി എൻ വിജയകുമാരി നിരന്തരമായി വിദ്യാർഥിയോട് പറഞ്ഞിരുന്നു. സംഭവത്തിൽ വിജയകുമാരിക്കെതിരെ പ്രതിഷേധവും തുടരുന്നുണ്ട്. ഇന്നും കാര്യവട്ടം ക്യാമ്പസിൽ അധ്യാപികക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ഇതിനിടെയാണ് പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിലേക്ക് സിഎൻ വിജയകുമാരിയെ രാഷ്ട്രപതി നാമനിർദേശം ചെയ്തത്.