കർണാടക മുഖ്യമന്ത്രി തർക്കത്തിൽ പ്രതികരിച്ച് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കോൺഗ്രസിൽ ആശയക്കുഴപ്പം ഇല്ലെന്നും ആരും ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ ഗ്രൂപ്പില്ല, കോൺഗ്രസ് എന്ന ഒരു ഗ്രൂപ്പ് മാത്രം. കോൺഗ്രസ് ഗ്രൂപ്പിൽ 140 എംഎൽഎമാരുണ്ടെന്നും ഡി കെ ശിവകുമാർ പ്രതികരിച്ചു.
സിദ്ധരാമയ്യ തന്റെ ഭരണകാലത്തിന്റെ പകുതി പിന്നിടുമ്പോൾ, മുൻപുണ്ടാക്കിയതെന്ന് അവകാശപ്പെടുന്ന കരാർ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ശിവകുമാറിന്റെ അനുയായികൾ പാർട്ടി കേന്ദ്രനേതൃത്വത്തിന് മേൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. മറുവശത്ത്, ഔദ്യോഗികമായി ഇത്തരമൊരു ധാരണയില്ലെന്നാണ് സിദ്ധരാമയ്യ പക്ഷം വാദിക്കുന്നത്. അഞ്ച് വർഷം പൂർത്തിയാക്കുമെന്ന് അദ്ദേഹം ഉറച്ചുനിൽക്കുന്നതായും, പറയപ്പെടുന്ന കരാറിന് ഔദ്യോഗികമായി അംഗീകാരം ലഭിച്ചിട്ടില്ലെന്നും അവർ പറയുന്നു.
ശിവകുമാറിനെ പിന്തുണയ്ക്കുന്ന ആറ് നിയമസഭാംഗങ്ങൾ ഞായറാഴ്ച രാത്രി ഹൈക്കമാൻഡിനെ കാണാൻ ഡൽഹിയിലേക്ക് പോയതായും, കൂടുതൽ പേർ പിന്നാലെ എത്തുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞയാഴ്ച, പത്തോളം എംഎൽഎമാർ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കണ്ടിരുന്നു.
എന്നാല്‍, നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകളോട് കൃത്യമായി ഖാര്‍ഗെ പ്രതികരിച്ചിട്ടില്ല. ഇത്തരം ഒരു തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ നിലപാട്.








