ശബരിമലയിലെ ഭക്തജന തിരക്ക് പൂര്‍ണമായും നിയന്ത്രണ വിധേയമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. സ്‌പോട്ട് ബുക്കിംഗ് അതാത് ദിവസങ്ങളിലെ സാഹചര്യങ്ങള്‍ നോക്കി നിജപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. വിര്‍ച്വല്‍ ക്യൂവില്‍ ഉള്‍പ്പെടുത്തുന്ന ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പരിഗണനയിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ആദ്യ ദിവസമുണ്ടായ തള്ളലിന് ശേഷം ഇപ്പോള്‍ എല്ലാ കാര്യങ്ങളും നിയന്ത്രണ വിധേയമാണെന്നാണ് കെ ജയകുമാര്‍ മാധ്യമങ്ങളോട് വിശദീകരിക്കുത്. ദിവസം 75000ല്‍ കൂടുതല്‍ ആളുകള്‍ വരുന്നില്ല. തിരക്ക് നോക്കിയിട്ട് തന്നെയാണ് ഇപ്പോള്‍ ഭക്തരും എത്തുന്നത്. സാഹചര്യങ്ങള്‍ നോക്കി സ്‌പോട്ട് ബുക്കിംഗ് ക്രമീകരിക്കാന്‍ കോടതി തന്നെ പിന്നീട് പറയുകയുണ്ടായി. അതുകൊണ്ട് ദിവസം 5000 പേരെന്ന കടുംപിടുത്തം ഇപ്പോള്‍ പിടിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല മണ്ഡല മകരവിളക്ക് സീസണിലെ എട്ടാം ദിവസമായ ഇന്നും ശബരിമലയിലേക്ക് വന്‍ ഭക്തജന പ്രവാഹമാണുണ്ടായിരുന്നത്. ഇന്നലെ എണ്‍പതിനായിരത്തിലധികം പേരാണ് ദര്‍ശനം നടത്തിയത്. ഇതുവരെ 6 ലക്ഷം ഭക്തര്‍ ഈ മണ്ഡലകാലത്ത് സന്നിധാനത്തെത്തി. ശബരിമലയില്‍ സ്‌പോട്ട് ബുക്കിങിന്റെ എണ്ണം തീരുമാനിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഓരോ ദിവസത്തെയും തീര്‍ത്ഥാടകരുടെ എണ്ണം അനുസരിച്ച് ആയിരിക്കും സ്‌പോട്ട് ബുക്കിംഗ് ക്രമീകരണം ഏര്‍പ്പെടുത്തുക. ദേവസ്വംമന്ത്രി വിഎന്‍ വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഓരോ ദിവസത്തെയും സ്‌പോട്ട് ബുക്കിംഗ് എണ്ണം പ്രത്യേക കമ്മിറ്റി നിയന്ത്രിക്കും.








