ഐക്യരാഷ്ട്ര സഭയുടെ യു.എന്‍.വിമണ്‍ ഷീ ലീഡ്സിലേക്ക് എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറിയും റിസര്‍ച്ച് സ്‌കോളറുമായ അഡ്വ. തൊഹാനിയെ തിരഞ്ഞെടുത്തു. രാഷ്ട്രീയ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്ന വനിതാ നേതാക്കള്‍ക്ക് വേണ്ടി യു.എന്‍. വിമണ്‍ സംഘടിപ്പിക്കുന്ന ശില്‍പശാലയാണ് ഷീലീഡ്സ്. സ്ത്രീ ശാക്തീകരണത്തിനും രാഷ്ട്രീയ പൊതു രംഗത്തെ വനിതാ നേതാക്കളുടെ ഉന്നമനവും ലക്ഷ്യം വെച്ച് കൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ സംഘടനയാണ് യു.എന്‍. വിമണ്‍. ഡിസംബര്‍ ആദ്യവാരമാണ് ഷീലീഡ്സ് ശില്‍പശാല നടക്കുന്നത്. മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥിനികളുടെ സംഘടനയായ ഹരിതയുടെ മലപ്പുറം ജില്ലാ പ്രസിഡന്റ് ആയാണ് തൊഹാനി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നേതൃസ്ഥാനത്തേക്ക് വരുന്നത്. പിന്നീട് മുസ്ലിം ലീഗിന്റെ ചരിത്രത്തിലാദ്യമായി വനിതാ അംഗങ്ങളെ എം.എസ്.എഫിന്റെ സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്തപ്പോള്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തൊഹാനിയെ തെരഞ്ഞെടുക്കുകയിരുന്നു.
നിലവില്‍ അലയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി റിസര്‍ച്ച് സ്‌കോളര്‍ കൂടിയാണ് തൊഹാനി. കോഴിക്കോട് ലോ കോളേജില്‍ നിന്ന് ബി.എ. എല്‍.എല്‍.ബി ബിരുദവും കോഴിക്കോട് യൂണിവേഴ്‌സിറ്റി ലോ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. സൗദി അറേബ്യയില്‍ വെച്ച് നടന്ന മിഡില്‍ ഈസ്റ്റ് യൂത്ത് സമ്മിറ്റ് അടക്കം നിരവധി ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ പങ്കെടുത്തിട്ടുണ്ട്. എം.സി.ഡി. ലോ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയും വിവിധ സ്ഥാപനങ്ങളുടെ ലീഗല്‍ അഡൈ്വസര്‍ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും നിയമപരമായ പരിഹാരങ്ങള്‍ തേടുന്നതിനുമായുള്ള പഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള ജാഗ്രത സമിതികളിലും ജോലിസ്ഥലത്തെ ലൈംഗിക പീഡനം തടയല്‍ നിയമത്തിന്റ ഭാഗമായ അവബോധ സെഷനുകളും പരിശീലനങ്ങളും നല്‍കുന്നുണ്ട്. ന്യൂനപക്ഷ രാഷ്ട്രീയം, വിദ്യാഭ്യാസം, സമകാലിക വിഷയങ്ങള്‍ തുടങ്ങിയ മേഖലകളില്‍ എഡിറ്റോറിയല്‍ ലേഖനങ്ങളും കോളങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പാര്‍ലമെന്റില്‍ കഴിഞ്ഞ മാസം നടന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോണ്‍സ്റ്റിറ്റിയുഷനല്‍ ആന്‍ഡ് പാര്‍ലമെന്ററി സ്റ്റഡീസും നാഷണല്‍ ലോ യൂണിവേഴ്സിറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട കോഴ്‌സിലേക്കും അഡ്വ തൊഹാനിയെ തെരഞ്ഞെടുത്തിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് (IIM), ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഇന്റര്‍നാഷണല്‍ ലോ, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച്, നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി, ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട്, ലെഡ് ബൈ ഫൗണ്ടേഷന്‍ തുടങ്ങി രാജ്യത്തെ മികച്ച സ്ഥാപനങ്ങളില്‍ നിന്ന് വിവിധ കോഴ്‌സുകളും പരിശീലനങ്ങളും നേടിയിട്ടുണ്ട്.






