കോട്ടയം:”ഞങ്ങൾക്ക് അച്ഛനെയും അമ്മയെയും കിട്ടണം; തിരിച്ചുകൊണ്ടുവരാമോ സാറേ?”-മല്ലപ്പള്ളി പെരുമ്പെട്ടിയിൽനിന്ന് ഒരുവിദ്യാർഥിയുടെ ഫോൺ കോളാണ്. ലോക്ഡൗൺ കാലത്ത് കുട്ടികളുടെ മാനസികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേരള പോലീസിന്റെ സഹകരണത്തോടെ സർക്കാർ ആരംഭിച്ച ‘ചിരി’ പദ്ധതിയിലേക്ക് വിളിച്ച് ഇങ്ങനെ ചോദിച്ചത് ഏഴാം ക്ലാസുകാരനായിരുന്നു.
മറ്റ് രണ്ട് സഹോദരങ്ങളുമൊത്ത് അമ്മൂമ്മയുടെ തണലിലാണ് ഇൗ കുട്ടി താമസം. അച്ഛനും അമ്മയും വേർപിരിഞ്ഞു. അച്ഛൻ മറ്റൊരുസ്ത്രീക്കൊപ്പവും അമ്മ മറ്റൊരു പുരുഷനൊപ്പവും ജീവിക്കുന്നു. അച്ഛനെയും അമ്മയെയും വേണമെന്ന് മാത്രമാണ് അവന്റെ ആഗ്രഹം. ഒടുവിൽ അവൻ അമ്മൂമ്മയ്ക്ക് ഫോൺ കൈമാറി. ഒറ്റവാക്കിൽ മറുപടി പറയാനാവാതെ വിഷമത്തിലായി, ‘ചിരി’യിലെ കൗൺസലർമാർ. ഒടുവിൽ പെരുമ്പെട്ടി പോലീസ് സ്റ്റേഷനിലേക്ക് കുട്ടിയുടെ പരാതി കൈമാറി. അവന്റെ ആഗ്രഹം സാധിക്കുമോയെന്ന് ആർക്കും ഉറപ്പുപറയാനാവാത്ത അവസ്ഥ.
പഠനപ്രശ്നങ്ങൾ മാത്രമല്ല, കുട്ടികൾ മനസ്സിൽ ഒതുക്കുന്ന ഇത്തരം ഒട്ടേറെ വിഷമങ്ങളാണ് ഫോണിലൂടെ ചിരിയിലേക്ക് വരുന്നത്. കോളുകളിൽ പലതും നമ്മെ ചിരിപ്പിക്കാൻ പോന്നവയല്ല. വീട്ടിനുള്ളിൽ കുട്ടികൾ അനുഭവിക്കുന്ന സങ്കടങ്ങളും മാനസികമായ സംഘർഷങ്ങളുമാണ് ഏറെയും.