കര്‍ണാടക കോണ്‍ഗ്രസില്‍ വീണ്ടും കലാപം; ലക്ഷ്യം നേതൃമാറ്റം; ഡി കെ ശിവകുമാറിന്റെ നീക്കം ഫലം കാണുമോ?

ഒരു ഇടവേളയ്ക്കുശേഷം കര്‍ണാടക കോണ്‍ഗ്രസില്‍ അധികാര തര്‍ക്കം രൂക്ഷമാവുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി പി സി സി അധ്യക്ഷനായ ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തിറങ്ങിയതോടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ക്കാനായി പഠിച്ച പണി പതിനെട്ടും പയറ്റുന്നതിനിടയിലാണ് കോണ്‍ഗ്രസിലെ പ്രധാന നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതെന്നും ശ്രദ്ധേയമാണ്.

സിദ്ധരാമയ്യയെ മാറ്റി ഡി കെ ശിവകുമാറിനെ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യത്തിന് രണ്ടര വര്‍ഷത്തെ പഴക്കമുണ്ട്. ബി ജെ പിയുടെ കൈയ്യിലായിരുന്ന കര്‍ണാടകയെ തിരികെ പിടിച്ചത് ഡി കെ ശിവകുമാര്‍ എന്ന കരുത്തനായ നേതാവിന്റെ തന്ത്രപരമായ രാഷ്ട്രീയ നീക്കങ്ങളിലൂടേയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയതോടെ സിദ്ധരാമയ്യയെന്ന മുതിര്‍ന്ന നേതാവ് മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിച്ചു. സിദ്ധരാമയ്യ ഹൈക്കമാന്റില്‍ മുഖ്യമന്ത്രിസ്ഥാനത്തിനായി സമ്മര്‍ദം ചെലുത്തിയതോടെ പുതിയ സര്‍ക്കാര്‍ രൂപീകരണം പോലും അനിശ്ചിതത്വത്തിലായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കടുത്ത ഭിന്നത ഉടലെടുത്തതോടെ ഒടുവില്‍ എഐസിസി നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി ഡി കെ ശിവകുമാര്‍ അല്പം അയഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനവും പി സി സി അധ്യക്ഷസ്ഥാനവും ഡി കെ ശിവകുമാറിന് നല്‍കി. എന്നാല്‍ രണ്ടര വര്‍ഷം പിന്നിടുന്ന അവസരത്തില്‍ ഡി കെ പക്ഷം വീണ്ടും മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് നീക്കം ആരംഭിച്ചതോടെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാവിയാണ് ഏവരും ഉറ്റുനോക്കുന്നത്.

ഒരു പദവിയിലും ഒരാള്‍ ദീര്‍ഘകാലം തുടരുന്നത് ശരിയല്ലെന്നാണ് ഡി കെ ശിവകുമാറിന്റെ നിലപാട്. താന്‍ പി സി സി അധ്യക്ഷസ്ഥാനം ഒഴിയുകയാണ് എന്നാണ് ഡി കെയുടെ പ്രസ്താവന. പാര്‍ട്ടിയില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നവര്‍ പദവികള്‍ ആവശ്യപ്പെടുന്നത് സ്വാഭാവികമാണെന്നാണ് ഡി കെ ശിവകുമാറിന്റെ വാദങ്ങള്‍.

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ക്കാനായി സംഘടിത നീക്കങ്ങളാണ് ബി ജെ പി നടത്തുന്നത്. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെ ഡി എസുമായി സഖ്യമുണ്ടാക്കിയ ബിജെപി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. ഡി കുമാരസ്വാമിയെ കേന്ദ്രമന്ത്രിയാക്കിയതോടെ ഈ സഖ്യത്തിന് കര്‍ണാടകയില്‍ സ്വീകാര്യതയും വര്‍ധിച്ചു. രാജ്യത്ത് ബിജെപി ശക്തമായ മുന്നേറ്റം നടത്തുന്നതിനിടയിലാണ് ‘മുഡ’ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമായിരുന്നു. ഇ ഡി സിദ്ധരാമയ്യയ്ക്കെതിരെ കേസെടുത്തതും, കേന്ദ്ര ഏജന്‍സികള്‍ ശക്തമായ പിടിമുറുക്കുമ്പോഴും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിപദത്തില്‍ നിന്നും സിദ്ധരാമയ്യ മാറണമെന്ന നിലപാട് കടുപ്പിച്ചു. എന്നാല്‍ മുഡ അഴിമതി കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മുഖ്യമന്ത്രിയെ മാറ്റാന്‍ ഹൈക്കമാന്റ് തയ്യാറായില്ല.

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രണ്ടര വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇതോടെയാണ് ആദ്യ ടേമില്‍ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയെ മാറ്റി ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ശക്തമാകുന്നത്. മുഡ അഴിമതി കേസില്‍ അകപ്പെട്ട സിദ്ധരാമയ്യയെ ഒപ്പം നിര്‍ത്തി കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാക്കി കര്‍ണാടക ഭരണം പിടിക്കാനുള്ള നീക്കം ബിജെപി നടത്തുമെന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്. അതിനാല്‍ ഡി കെ ശിവകുമാറിന്റെ നീക്കത്തെ വളരെ തന്ത്രപൂര്‍വം കൈകാര്യം ചെയ്യാനാണ് എഐസിസിയുടെ തീരുമാനം.

കര്‍ണാടകയില്‍ നേതൃമാറ്റം പെട്ടെന്ന് വേണ്ടെന്നാണ് ഹൈക്കമാന്റ് തീരുമാനം. ഡി കെ ശിവകുമാറിന് മുഖ്യമന്ത്രിസ്ഥാനവും കെപിസിസി അധ്യക്ഷസ്ഥാനം സിദ്ധരാമയ്യക്കും നല്‍കിയുള്ള മാറ്റമാണ് എ ഐ സി സി ക്ക് മുന്നിലുള്ളത്. എന്നാല്‍ ഈ നിര്‍ദേശം സിദ്ധരാമയ്യ സ്വീകരിച്ചിട്ടില്ല. സിദ്ധരാമയ്യയുടെ മകന്‍ നിലവില്‍ എം എല്‍ സിയാണ്. മകനെ നേതൃത്വ നിരയിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് സിദ്ധരാമയ്യ. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയാല്‍ പകരം മകനെ ഉപമുഖ്യമന്ത്രിയാക്കിയുള്ള ഒരു ഫോര്‍മുലയാണ് മുന്നോട്ടുവെക്കുന്നത്. കോണ്‍ഗ്രസ് മന്ത്രിസഭ നിലം പൊത്താതെ സംരക്ഷിക്കേണ്ടചുമതല എല്ലാവര്‍ക്കും ഉണ്ടെന്നാണ് ഇരുവിഭാഗം നേതാക്കളേയും എഐസിസി നേതൃത്വം ബോധ്യപ്പെടുത്തിയിരിക്കുന്നത്. കടുത്ത നിലപാടിലേക്ക് ഒരു നേതാവും നീങ്ങരുതെന്നും നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

കുതിരക്കച്ചവടത്തിന് കുപ്രസിദ്ധിനേടിയ സംസ്ഥാനമാണ് കര്‍ണാടകം. നേത്തെ കുമാരസ്വാമിയും കോണ്‍ഗ്രസും ഒരുമിച്ച് ഭരണം നടത്തിയതും പിന്നീട് ബിജെപി ഭരണം പിടിച്ചതും എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയതുമൊക്കെ വലിയ വിവാദങ്ങള്‍ക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കും കര്‍ണാടകം വേദിയായിരുന്നു.