Headlines

ശബരിമലയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം; ശ്രീകോവിലിന് മുന്നിൽ പ്രവേശനം ഇല്ല

ശബരിമലയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം. ശ്രീകോവിൽ ഭാഗത്താണ് മാധ്യമങ്ങൾക്ക് പ്രവേശനം നിരോധിച്ചിട്ടുള്ളത്. ഹൈക്കോടതി നിർദേശം പ്രകാരമാണ് നിയന്ത്രണം എന്നാണ് വിശദീകരണം. മണ്ഡല പൂജകൾക്കായി ശബരിമല നട തുറന്നു. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറന്നത്.

പ്രതിദിനം 90000 പേർക്കാണ് പ്രവേശനം അനുവദിക്കുക. 70,000 പേർക്ക് വെർച്ചൽ ക്യൂ വഴിയും 20,000 പേർക്ക് സ്പോട്ട് ബുക്കിംഗ് വഴിയുമാണ് ദർശനത്തിന് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. ദർശനത്തിന് എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യു ഏർപ്പെടുത്തിയിട്ടുണ്ട് . നാളെ മുതൽ പുലർച്ചെ മൂന്നിന് നട തുറക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കുന്ന നട വൈകിട്ട് മൂന്ന് മണിക്ക് തുറക്കും. രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും

അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്കായി എസ് ഐ ടി സംഘം സന്നിധാനത്ത് എത്തി. ഇന്ന് രാവിലെയാണ് എസ്പി ശശിധരന്റെ നേതൃത്വത്തിൽ എസ്ഐടി സംഘം പമ്പയിൽ എത്തിയത്. നാളെ ഉച്ചപൂജക്ക് ശേഷമാണ് ദ്വാരപാലക പാളികളിലും കട്ടിളപ്പാളികളിലും ശാസ്ത്രീയ പരിശോധന നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. സ്വർണ്ണക്കൊള്ളയുടെ വ്യാപ്തി കണ്ടെത്താൻ ദ്വാരപാലക ശിൽപ്പങ്ങളിലെ അടക്കം സ്വർണപ്പാളികൾ ഇളക്കി പരിശോധിക്കും. രാസ പരിശോധനയ്ക്ക് വിധേയമാക്കാൻ ഒരു സെന്റീമീറ്റർ വ്യാപ്തിയിൽ സ്വർണ്ണം ശേഖരിക്കും. എസ് ഐ ടി സംഘത്തിന് ഒപ്പം ശാസ്ത്രീയ പരിശോധന വിദഗ്ധരും സ്മിത്ത് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ഉണ്ട്. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പരിശോധന ഏറെ നിർണായകമാണ്.