പിതാവ് രാം വിലാസ് പാസ്വാന്റെ പാരമ്പര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ നിരവധി തിരിച്ചടികളും അവഹേളനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് ചിരാഗ് പാസ്വാന്. ഇന്ന് ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ലോക് ജനശക്തി പാര്‍ട്ടി വിജയം അതുകൊണ്ടുതന്നെയൊരു കാവ്യനീതിയാണ്. ബിഹാറിന്റെ രാഷ്ട്രീയ ചക്രവാളത്തില്‍ പുത്തന്‍ താരോദയമായി ചിരാഗിന്റെ നേട്ടം
2020-ല്‍, നിതീഷ് കുമാറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് എല്‍ജെപി 130-ലധികം സീറ്റുകളില്‍ സ്വതന്ത്രമായി മത്സരിച്ചെങ്കിലും ഒരു സീറ്റ് മാത്രമാണ് നേടാനായത്. 2021-ല്‍ അമ്മാവന് പശുപതി കുമാര്‍ പരസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി പിളര്‍ന്നു. ഇതോടെ ചിരാഗിന്റെ രാഷ്ട്രീയ ഭാവി അവസാനിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതിയത്.
എന്നാല്‍, 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 43കാരനായ ചിരാഗും അദ്ദേഹത്തിന്റെ ലോക് ജനശക്തി പാര്‍ട്ടിയും വന്‍ മുന്നേറ്റമുണ്ടാക്കി. മത്സരിച്ച അഞ്ച് മണ്ഡലങ്ങളിലും ജയിച്ച് കരുത്ത് തെളിയിച്ചു. പക്ഷേ നിയമസഭയിലേക്ക് ആദ്യഘട്ടത്തില്‍ ചോദിച്ച സീറ്റുകള്‍ ചിരാഗിന് ലഭിച്ചിരുന്നില്ല. അതിനിടെ ചിരാഗ് പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ നടത്തി. ഒടുവില്‍ ബിഹാര്‍ എന്‍ഡിഎ നേതൃത്വം വഴങ്ങി. ഫലം വന്നപ്പോള്‍ മികച്ച ജയം. ഭരണത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രി പദം അടക്കം ആവശ്യപ്പെടാനാണ് എല്‍ജെപിയുടെ നീക്കം.
2000 നവംബറില്‍ രാം വിലാസ് പാസ്വാന്റെ നേതൃത്വത്തില്‍ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് പിളര്‍ന്ന് രൂപീകരിച്ച ലോക് ജനശക്തി പാര്‍ട്ടിയുടെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് വിജയമാണ് ഇത്തവണത്തേത്. എന്‍ഡിഎയില്‍ ബിജെപിക്കും ജെഡിയുവിനും മുകളിലാണ് എല്‍ജെപിയുടെ വിജയശരാശരി. മത്സരിച്ച 29 മണ്ഡലങ്ങളില്‍ 22 സീറ്റുകളില്‍ എല്‍ജെപി മുന്നിലാണ്.





