വോട്ടെണ്ണല്‍ തുടങ്ങി രണ്ട് മണിക്കൂറോളമാകുമ്പോള്‍ ബിഹാറില്‍ എന്‍ഡിഎ തരംഗമാണെന്ന് വ്യക്തമാകുകയാണ്. മഹാപ്രഖ്യാപനങ്ങളുമായി തിരഞ്ഞെടുപ്പ് ഗോധയിലിറങ്ങിയ ആര്‍ജെഡിയും രാഹുലിന്റെ നേതൃത്വത്തില്‍ അതിശക്ത പ്രചാരണം നടത്തിയിട്ടുപോലും കോണ്‍ഗ്രസും തകര്‍ന്നടിയുന്ന കാഴ്ചയാണ് 10 മണിക്ക് വരുന്ന ഫലസൂചനകള്‍ തെളിയിക്കുന്നത്. 2020ല്‍ 19 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഇപ്പോള്‍ വരുന്ന ലീഡ് നില പ്രകാരം 15 സീറ്റുകളിലേക്ക് ചുരുങ്ങുകയാണ്. ആര്‍ജെഡിക്കും വന്‍ വീഴ്ചയാണുണ്ടായിരിക്കുന്നത്. 2020ല്‍ 75 സീറ്റുകള്‍ നേടിയ ആര്‍ജെഡി ഇപ്പോള്‍ 58 സീറ്റുകളിലേക്ക് വീഴുകയാണ്.
നിതീഷ് കുമാറിന്റെ ജെഡിയു തിരിച്ചുവരവിന്റെ പാതയിലാണ്. 2020ല്‍ ജെഡിയു നേടിയത് 43 സീറ്റുകളിലായിരുന്നെങ്കില്‍ 2025 ആകുമ്പോഴേക്കും അവര്‍ 76 സീറ്റുകളില്‍ വന്‍ മുന്നേറ്റം നടത്തുന്ന കാഴ്ചയാണ് ഇതുവരെയുള്ള ഫലസൂചനകള്‍ നല്‍കുന്നത്. ബിജെപിയേയും പിന്നിലാക്കിക്കൊണ്ടാണ് ജെഡിയുവിന്റെ ഈ മുന്നേറ്റം. 70 സീറ്റുകളിലാണ് ബിജെപി നിലവില്‍ ലീഡ് ചെയ്യുന്നത്. അസസുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം തകരുകയാണ്. വോട്ടിന്റെ ഗതിയെ നിര്‍ണായകമായി സ്വാധീനിക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നെങ്കിലും ഒവൈസിയുടെ പാര്‍ട്ടി മത്സരിച്ച 28 സീറ്റുകളില്‍ ഒരിടത്ത് മാത്രമാണ് നിലവില്‍ ലീഡ് ചെയ്യുന്നത്.
ബിഹാറില്‍ വോട്ട് കൊള്ള ആരോപണമുയര്‍ത്തി കോണ്‍ഗ്രസ് പ്രതിഷേധത്തിലാണ്. കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്ലക്കാര്‍ഡുകളുമായി പ്രവര്‍ത്തകര്‍ തടിച്ചുകൂടി. തിരഞ്ഞെടുപ്പില്‍ അവിശ്വാസം രേഖപ്പെടുത്തിയാണ് പ്ലക്കാര്‍ഡുകള്‍. ബിഹാര്‍ കൊള്ളയടിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. ബിഹാറില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ബിഹാര്‍ കൊള്ളയടിച്ചു ഇനി ബംഗാളിന്റെ ഊഴമാണ് തുടങ്ങിയ പ്ലാക്കാര്‍ഡുകളുയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. വോട്ട് കൊള്ളയടിച്ചാണ് ബിജെപി ജയിക്കുന്നതെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.






