ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ കുറ്റാരോപിതരായ ഉമര്‍ ഖാലിദ് ഉള്‍പ്പെടെ 4 പേരുടെ ജാമ്യപേക്ഷയില്‍ തിങ്കളാഴ്ചയും സുപ്രീംകോടതിയില്‍ വാദം തുടരും. ഇന്ന് കുറ്റാരോപിതര്‍ക്കായി അഭിഭാഷകരായ മനു അഭിഷേക് സിംഗ്വിയും കപില്‍സബലും ഹാജരായി. കേസ് നടപടികളില്‍ വലിയ കാലതാമസം നേരിടുന്നുവെന്ന് കുറ്റാരോപിതര്‍ സുപ്രിംകോടതിയെ അറിയിച്ചു. കലാപം നടന്ന തീയതികളില്‍ താന്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ല എന്ന് ഉമര്‍ ഖാലിദ് വാദിച്ചു. കേസില്‍ തിങ്കളാഴ്ച 10.30 ന് വിശദമായ വാദം കേള്‍ക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം
ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മീരാന്‍ ഹെയ്ദര്‍, ഗുല്‍ഫിഷ ഫാത്തിമ, ഷിഫ ഔര്‍ റഹ്മാന്‍ തുടങ്ങിയവരുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. 2020 മുതല്‍ 90-ലധികം തവണ ലിസ്റ്റ് ചെയ്ത തന്റെ കക്ഷികളുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ അസാധാരണമായ കാലതാമസം ഉണ്ടായെന്ന് മനു അഭിഷേക് സിംഗ്വി കോടതിയില്‍ ചൂണ്ടിക്കാട്ടി. ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ അഞ്ച് വര്‍ഷത്തോളമായി കസ്റ്റഡിയിലാണെന്നും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ഒരു വിചാരണത്തടവുകാരനെ ദീര്‍ഘകാലം തടവില്‍ പാര്‍പ്പിച്ചതിന്റെ പേരില്‍ ജാമ്യം തേടുമ്പോള്‍ കുറ്റകൃത്യത്തിന്റെ ഗൗരവം ജാമ്യം അനുവദിക്കാനുള്ള നിര്‍ണായക ഘടകമാകില്ലെന്ന് ഇന്ന് കോടതി നിരീക്ഷിച്ചു.
2020 സെപ്തംബര്‍ മാസത്തിലാണ് ഉമറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരി മാസത്തില്‍ 53 പേര്‍ മരിക്കാനിടയാക്കിയ കലാപത്തിന്റെ ആസൂത്രകനാണെന്ന് ആരോപിച്ചുകൊണ്ടാണ് ഉമറിനെതിരെ യുഎപിഎ ചുമത്തിയത്. പൗരത്വഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് അക്രമമുണ്ടായത്.






