Headlines

ഡല്‍ഹിയില്‍ ക്ലൗഡ് സീഡിങ് പരീക്ഷണം പാളി; കൃത്രിമ മഴ പെയ്തില്ല; ബിജെപി സര്‍ക്കാരിനെതിരെ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷം

ഡല്‍ഹിയിലെ വായുമലിനീകരണം കുറയ്ക്കാന്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ക്ലൗഡ് സീഡിങ് പരീക്ഷണം പാളിയതോടെ ബിജെപി സര്‍ക്കാരിനെതിരെ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷം. മേഘങ്ങളില്‍ ഈര്‍പ്പം കുറവായിരുന്നിട്ടും ക്ലൗഡ് സീഡിംഗ് നടത്തിയത് ജനങ്ങളെ പറ്റിക്കാനെന്ന് ആംആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി. ക്ലൗഡ് സീഡിങ്ങില്‍ പ്രതീക്ഷിച്ച ഫലം കിട്ടാതായതോടെ ദില്ലിയില്‍ വായുമലിനീകരണവും രൂക്ഷമായി.

ഐഐടി കാന്‍പൂരുമായി ചേര്‍ന്നാണ് ദില്ലി സര്‍ക്കാര്‍ ക്ലൗഡ് സീഡിംഗ് നടത്തിയത്. എന്നാല്‍ മേഘങ്ങളില്‍ ഈര്‍പ്പം കുറവായതിനാല്‍ ഉദ്ദേശിച്ച ഫലം ലഭിച്ചില്ല. ഇതിനെ തുടര്‍ന്നാണ് താല്‍ക്കാലികമായി ക്ലൗഡ് സീഡിങ് നിര്‍ത്തിവെച്ചത്. എന്നാല്‍ മേഘങ്ങളില്‍ ഈര്‍പ്പം കുറവായിരുന്നിട്ടും ക്ലൗഡ് സീഡിംഗ് നടത്തി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് ആം ആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി. വായുമലിനീകരണം കുറയ്ക്കാന്‍ ഇത് ശ്വാശ്വത പരിഹാരം അല്ലെന്നും ഇതിലൂടെ സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും വിമര്‍ശനമുണ്ട്.

ക്ലൗഡ് സീഡിങ്ങില്‍ പ്രതീക്ഷിച്ച ഫലം കിട്ടാതായതോടെ ദില്ലിയില്‍ വായുമലിനീകരണവും രൂക്ഷമായി. പലയിടത്തും വായു ഗുണനിലവാര സൂചിക 400 നു മുകളിലാണ്. കനത്ത മൂടല്‍മഞ്ഞ് കാഴ്ചപരിധിയെ ബാധിച്ചു. ദില്ലിയില്‍ ശരാശരി വായു ഗുണനിലവാര സൂചിക 400നോട് അടുത്തതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ഉപയോഗിക്കണമെന്നും മറ്റ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. വായുമലിനീകരണം ഈ രീതിയില്‍ കൂടുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍ നീങ്ങിയേക്കും.