പിഎം ശ്രീയിൽ എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. സർക്കാരിന് പിഎം ശ്രീ പദ്ധതി സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. രണ്ട് വള്ളത്തിൽ ചവിട്ടരുതെന്ന് പ്രിയങ്ക വിമർശിച്ചു. ഇത്തരം വിഷയങ്ങളിൽ കൃത്യമായ നിലപാടെടുക്കണം. അവരുടെ നിലപാട് എന്താണെന്ന് അവർ തന്നെ വ്യക്തമാക്കണം. ഒരു സ്റ്റെപ്പ് മുന്നോട്ടും മറ്റൊന്ന് പുറകോട്ടും ആകാൻ പാടില്ലെന്നും പ്രിയങ്ക പറഞ്ഞു. പിഎം ശ്രീയിൽ ഒപ്പ് വെച്ചത് സിപിഐഎം ബിജെപി ധാരണയായിരുന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആവർത്തിച്ചു.
അതേസമയം വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനത്തെ പാർട്ടി ശക്തമായി എതിർക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കേരളത്തിലെ SIR നെ കോൺഗ്രസ് എതിർക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ. “അതെ, ബീഹാറിൽ അവർ ചെയ്ത രീതി വെച്ച് മറ്റ് സംസ്ഥാനങ്ങളിലും ഞങ്ങൾ അതിനെ എതിർക്കും. ഞങ്ങൾ പാർലമെൻ്റിലും പുറത്തും എല്ലായിടത്തും ഇതിനെതിരെ പോരാടിയിട്ടുണ്ട്. ഞങ്ങൾ പോരാട്ടം തുടരും,” പ്രിയങ്ക ഗാന്ധി പറഞ്ഞു.









