പി എം ശ്രീ പദ്ധതിയിലെ പിന്മാറ്റം സർക്കാർ സ്‌കൂളുകളെ തകർക്കാനുള്ള ശ്രമമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളിലെ സ്‌കൂളുകളെ തേടി പോകുന്ന അവസ്ഥ ഉണ്ടാവും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പദ്ധതി നടപ്പിലാക്കുന്നത് സ്വാഗതാർഹമെന്നും ജോർജ് കുര്യൻ പറഞ്ഞു.കരാറിൽ നിന്ന് പിന്മാറില്ല എന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിഎം ശ്രീ മന്ത്രിസഭ ഉപസമിതി പദ്ധതി പരിശോധിക്കുമെന്നും റിപ്പോര്‍ട്ട് വരുംവരെ പദ്ധതി മരവിപ്പിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ധാരണാപത്രം ഒപ്പിട്ടപ്പോള്‍ വിവാദവും ആശങ്കയും കണക്കിലെടുത്ത് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് റിവ്യൂ ചെയ്യും. ഈ കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കുന്നതിന് ഏഴംഗങ്ങളുള്ള ഒരു മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. വി ശിവന്‍കുട്ടി അധ്യക്ഷനായാണ് സമിതി രൂപീകരിച്ചത്. കെ രാജന്‍, റോഷി അഗസ്റ്റിന്‍, പി രാജീവ്,പി പ്രസാദ് , കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍ എന്നിവരായിരിക്കും അംഗങ്ങള്‍. പിഎം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തുടര്‍നടപടികള്‍ ഈ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ നിര്‍ത്തിവെക്കും. ഇത് കേന്ദ്ര സര്‍ക്കാരിനെ കത്ത് മുഖേന അറിയിക്കും – മുഖ്യമന്ത്രി വിശദമാക്കിയിരുന്നു.
അതേസമയം പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം പുനപരിശോധിക്കാനുളള സർക്കാർ തീരുമാനം സി.പി.ഐയുടെ രാഷ്ട്രീയ വിജയമാണ്. മുന്നണിയുടെ രാഷ്ട്രീയ നയത്തിൽ നിന്ന് വ്യതിചലിക്കാൻ അനുവദിക്കില്ലെന്ന സമ്മർദ്ദം വിജയം കണ്ടതോടെ മുന്നണിയിലെ തിരുത്തൽ ശക്തിയാണെന്ന ഖ്യാതി വീണ്ടെടുക്കാനും സിപിഐക്ക് കഴിഞ്ഞു. ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ സിപിഐ സംസ്ഥാന നേതൃത്വം പ്രകടിപ്പിച്ച ഐക്യവും പ്രധാന പങ്കുവഹിച്ചു.









