Headlines

പിഎം ശ്രീ പദ്ധതി ധാരണാപത്രം മന്ത്രിസഭയുടെ പരിഗണനയ്ക്ക്? നിയമ പ്രശ്നമായി മാറാതിരിക്കാൻ നീക്കം

പി എം ശ്രീ പദ്ധതിയിൽ സിപിഐയെ അനുനയിപ്പിക്കാൻ ഇന്ന് വീണ്ടും ചർച്ച നടക്കും. മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും സിപിഐയുമായി ചർച്ച നടത്തും. ഉച്ചയ്ക്ക് മുമ്പ് ചർച്ച നടന്നേക്കും. ധാരണ പത്രം പിൻവലിക്കുകയോ മരവിപ്പിക്കുകയോ ചെയ്യാതെ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് സിപിഐ. ഇന്ന് ചേരുന്ന മന്ത്രസഭാ യോ​ഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ സിപിഐ തീരുമാനിച്ചിരുന്നു.

പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ട ധാരണാപത്രം ഇന്ന് മന്ത്രിസഭയുടെ അംഗീകാരത്തിന് വന്നേക്കുമെന്ന് സൂചന. മന്ത്രിസഭ അറിയാതെ ധാരണാപത്രത്തിൽ ഒപ്പിട്ടത് നിയമ പ്രശ്നമായി മാറാതിരിക്കാനാണ് നീക്കം. മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ തീരുമാനം എടുത്തപ്പോൾ കബളിപ്പിക്കപ്പെട്ടെന്ന് സി.പി.ഐ മന്ത്രിമാർ പരാതി നൽകിയിരുന്നു. പരാതി നിയമ പ്രശ്നമായി മാറുമോയെന്ന് സർക്കാരിന് ആശങ്കയുണ്ട്.

പദ്ധതിയുടെ ധാരണാപത്രം പിൻവലിക്കണമെന്ന സിപിഐയുടെ ആവശ്യത്തോട് യോജിപ്പില്ലെങ്കിലും ഉപസമിതി പോലുള്ള നിർദേശങ്ങൾ വെച്ച് സമവായമുണ്ടാക്കാൻ ആണ് ശ്രമം. ഇതിന്റെ ഭാഗമായി മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും. സെക്രട്ടറിയേറ്റ് അംഗങ്ങളോട് തിരുവനന്തപുരത്ത് എത്താൻ നേതൃത്വം നിർദേശിച്ചിട്ടുണ്ട്.