Headlines

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൂട്ടാളി കല്‍പേഷിനെ കണ്ടെത്തി ; സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് സ്വര്‍ണം കൈപറ്റിയെന്ന് കല്‍പേഷ്

ശബരിമല സ്വര്‍ണക്കൊള്ളയിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൂട്ടാളി കല്‍പേഷിനെ കണ്ടെത്തി . ചെന്നൈയിലെ ഒരു ജ്വല്ലറിയിലാണ് രാജസ്ഥാന്‍ സ്വദേശിയായ കല്‍പേഷ് ജോലി ചെയ്യുന്നത്. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും സ്വര്‍ണം ബെല്ലാരിയിലെ ജ്വല്ലറിയിലേക്ക് എത്തിച്ചത് താനാണെന്ന് കല്‍പേഷ് സമ്മതിച്ചു. താന്‍ കൊണ്ടുപോകുന്നത് സ്വര്‍ണമാണെന്ന് അറിയാമായിരുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ട ഒരു വിവാദങ്ങളും തനിക്ക് അറിയുമായിരുന്നില്ലെന്നും കല്‍പേഷ് കൂട്ടിച്ചേര്‍ത്തു

കല്‍പേഷ് ജോലി ചെയ്യുന്ന ജ്വല്ലറിയില്‍ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തിയിട്ടില്ല. കല്‍പേഷിനെ അന്വേഷണസംഘം ചോദ്യം ചെയ്തിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്കറിയില്ലെന്നും കല്‍പേഷ് പറഞ്ഞു. ബെല്ലാരിയിലെ റോദ്ദം ജ്വല്ലറിയുടെ ഉടമ ഗോവര്‍ധന്‍ തനിക്ക് പോറ്റിയെ അറിയാമെന്ന് സമ്മതിച്ചിരുന്നു. ബാംഗ്ലൂരിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്‌ലാറ്റില്‍ നിന്നും,ബെല്ലാരിയിലെ സ്വര്‍ണ്ണവ്യാപാരി ഗോവര്‍ധന്റെ പക്കല്‍ നിന്നും 576 ഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചെടുത്തിരുന്നത്. എന്നാല്‍ ബാക്കിയുള്ള സ്വര്‍ണ്ണം കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘം അന്വേഷണം തുടരുകയാണ്.