Headlines

അടിമാലി മണ്ണിടിച്ചില്‍; വീടിനുള്ളില്‍ കുടുങ്ങിയ ബിജുവിന് ദാരുണാന്ത്യം; സന്ധ്യയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റി

ഇടുക്കി അടിമാലിക്കടുത്ത് കൂമന്‍ പാറയില്‍ മണ്ണിടിഞ്ഞ് വീണ് വീടിനുള്ളില്‍ കുടുങ്ങിയ ബിജുവിന് ദാരുണാന്ത്യം. എന്‍ഡിആര്‍എഫും ഫയര്‍ഫോഴും നടത്തിയ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബിജുവിനെ പുറത്തെത്തിച്ചത്. നേരത്തെ, ബിജുവിന്റെ ഭാര്യ സന്ധ്യയെ പുറത്തെത്തിച്ചിരുന്നു. ഇവരെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ദമ്പതികളെ പുറത്തെടുക്കാന്‍ അഗ്‌നിരക്ഷാ സേനയും എന്‍ഡിആര്‍എഫും നാട്ടുകാരും ചേര്‍ന്ന് നടത്തിയത് മണിക്കൂറുകള്‍ നീണ്ട ദുഷ്‌കര രക്ഷാപ്രവര്‍ത്തനമായിരുന്നു.

ഇന്നലെ രാത്രി പത്തരയോടെയാണ് ഇടുക്കി അടിമാലിയിലെ ലക്ഷം വീട് ഉന്നതിയിലെ ഇരുപതോളം വീടുകള്‍ക്കു മുകളിലേക്ക് നാല്‍പത് അടി ഉയരമുള്ള മണ്‍ തിട്ട ഇടിഞ്ഞു വീണത്. നിരവധി വീടുകള്‍ മണ്ണിനടിയിലായി. ചില വീടുകളില്‍ ആളുകളുണ്ടായിരുന്നു. ആദ്യമെത്തിയ നാട്ടുകാര്‍ ഇവരെയെല്ലാം സുരക്ഷിതമായി മാറ്റി. എന്നാല്‍ ബിജുവും സന്ധ്യയും കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കടിയില്‍ പെട്ടുപോയി. ഇരുവരുടെയും കാലുകള്‍ പരസ്പരം പിണഞ്ഞു കിടക്കുന്ന അവസ്ഥയിലായിരുന്നു. അവര്‍ക്കു മുകളിലേക്കാണ് കെട്ടിടത്തിന്റെ ബീം തകര്‍ന്നു വീണത്. കോണ്‍ക്രീറ്റ് പാളിക്കു താഴെയായി ഒരു അലമാരയും ഇവര്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മാറി താമസിക്കാനുള്ള നിര്‍ദേശം അധികൃതര്‍ നേരത്തേ തന്നെ നല്‍കിയിരുന്നു. എന്നാല്‍ തങ്ങള്‍ അടുത്തുള്ള കുടുംബ വീട്ടിലേക്ക് മാറാം എന്ന് അധികൃതരെ അറിയിച്ച് ബിജുവും സന്ധ്യയും അവിടെ തന്നെ തുടരുകയായിരുന്നു. രാത്രി മണ്ണിടിഞ്ഞതോടെ, കോണ്‍ക്രീറ്റ് മേല്‍ക്കൂര ഇവര്‍ക്ക് മുകളിലേക്ക് പതിച്ചു. പൂര്‍ണമായി തകര്‍ന്ന വീടിന്റെ മേല്‍ക്കൂര രണ്ടായി പിളര്‍ന്നിരുന്നു. കുടുങ്ങിക്കിടക്കുമ്പോള്‍ തന്നെ ഇരുവരുടെയും ആരോഗ്യനില പരിശോധിച്ച ഡോക്ടര്‍ ബിജുവിന്റെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

പുലര്‍ച്ചെ 03:10നാണ് സന്ധ്യയെ പുറത്തെത്തിക്കുന്നത്.പുറത്ത് തയ്യാറായി നിന്ന ആംബുലന്‍സില്‍ സന്ധ്യയെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കിയതിനു ശേഷം സന്ധ്യയെ പുലര്‍ച്ചെ നാല് മണിയോടെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.

ശേഷം ഹിറ്റാച്ചി ഉള്‍പ്പെടെയുള്ളവ എത്തിച്ച് കോണ്‍ക്രീറ്റ് ബീമുകള്‍ നീക്കം ചെയ്ത് ബിജുവിന്റെ ചലനമറ്റ ശരീരം 4 50 ഓടെ പുറത്തെടുത്തു. തുടക്കം മുതല്‍ തന്നെ സന്ധ്യയോട് സംസാരിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നു എന്നത് പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു. പെട്ടന്ന് ഇരുവരെയും പുറത്തേക്ക് എടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സംഭവസ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകരും രാഷ്ടീയ നേതാക്കളും. എന്നാല്‍ ബിജുവിന്റെ അരയ്ക്കുമുകളിലേക്ക് കോണ്‍ക്രീറ്റ് പാളികളും ബീമുകളും പതിച്ചിട്ടുണ്ട് എന്ന് മനസിലാക്കിയതോടെ കാര്യങ്ങള്‍ സങ്കീര്‍ണമെന്ന് തിരിച്ചറിഞ്ഞു.

തകര്‍ന്നു വീണ കോണ്‍ക്രീറ്റ് പാളിയെ ജാക്കി ഉപയോഗിച്ച് ഉയര്‍ത്തി സന്ധ്യയുടെയും ബിജുവിന്റെയും ശരീരത്തില്‍ വീണുകിടക്കുന്ന കോണ്‍ക്രീറ്റ് പാളികള്‍ മാറ്റുക എന്നതായിരുന്നു ശ്രമകരമായ ദൌത്യം. ഇതിനു വേണ്ടിയുള്ള പരിശ്രമമായിരുന്നു തുടക്കം മുതല്‍ അഗ്‌നിരക്ഷാ സേനയും എന്‍ഡിആര്‍എഫും നടത്തിയത്.

ദേശീയപാത നിര്‍മാണത്തിനായി അനധികൃതമായി മണ്ണെടുത്തതാണ് നാല്‍പ്പത് അടിയുള്ള മണ്‍തിട്ട രൂപപ്പെടാന്‍ കാരണമായത് എന്ന് തുടക്കം മുതല്‍ തന്നെ പ്രദേശവാസികള്‍ പറയുന്നുണ്ടായിരുന്നു. എന്‍എച്ച് നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉണ്ടായ അപകടമെന്ന് സംഭവസ്ഥലത്തെത്തിയ മന്ത്രി റോഷി അഗസ്റ്റിനും പ്രതികരിച്ചു. അശാസ്ത്രീയമായ ദേശീയപാത നിര്‍മാണമാണ് അപകടത്തിന് കാരണമെന്ന് പഞ്ചായത്ത് മെമ്പര്‍ ടിഎസ് സിദ്ദിഖും സാക്ഷ്യപ്പെടുത്തി. കഴിഞ്ഞ ദിവസവും സമാന രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. മണ്ണിടിച്ചില്‍ തുടരുന്നതിനാലാണ് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനും ഗതാഗതം നിരോധിക്കാനും തീരുമാനിച്ചതെന്നും ദേവികുളം എംഎല്‍എ എ രാജ പറഞ്ഞു.

സന്ധ്യയെ അധിക പരുക്കുകളൊന്നും ഇല്ലാതെ പുറത്തെത്തിക്കുക എന്നതായിരുന്നു ദൌത്യ സംഘത്തിന്റെ പ്രാഥമിക പരിഗണന. ബിജു തുടക്കം മുതല്‍ക്കേ പ്രതികരിക്കുന്നുണ്ടായിരുന്നില്ല. മുറിച്ചു മാറ്റിയ കോണ്‍ക്രീറ്റ് പാളികള്‍ക്കിടയിലൂടെ പുറത്തേക്ക് കൊണ്ടുവരുമ്പോള്‍ സന്ധ്യയുടെ
ശരീരത്തില്‍ മുറിവേല്‍ക്കാതിരിക്കാന്‍ കമ്പിളി പുതപ്പ് ഉള്‍പ്പെടെ വിരിച്ചിരുന്നു. സന്ധ്യയുമായി പുറപ്പെടുന്ന ആംബുലന്‍സ് എത്തിയാല്‍ ഉടനെ അടിയന്തര ചികിത്സ നല്‍കാനായി അടിമാലി താലൂക്ക് ആശുപത്രിയും സജ്ജമാക്കിയിരുന്നു.