തിരുവനന്തപുരം കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽക്കയറി പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. പ്രതികൾ ഒന്നിലധികം പേരുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കേസിൽ എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു.
സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു. പീഡനത്തിനിരയായ പെൺകുട്ടിയുടെ വൈദ്യ പരിശോധനയും പൂർത്തിയാക്കി. ഇന്നലെയാണ് കഴക്കൂട്ടത്തെ ഹോസ്റ്റലിൽ കയറി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പീഡന ശ്രമം ആസൂത്രണമാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഒരാൾക്ക് ഒറ്റയ്ക്ക് ആ കെട്ടിടത്തിലേക്ക് കയറാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. അതിനാലാണ് ഒന്നിലധികം പേർ സംഭവത്തിൽ ഉൾപ്പെടുന്നതായി പൊലീസ് സംശയിക്കുന്നത്. കെട്ടിടത്തിൽ സിസിടിവി ഇല്ല.
പെൺകുട്ടി ഉറങ്ങുന്ന സമയത്താണ് പീഡനശ്രമം ഉണ്ടായത്. ഹോസ്റ്റലിന്റെ വാതില്‍ തള്ളിത്തുറന്നാണ് അകത്തുകയറിയത്. പെട്ടെന്ന് ഞെട്ടി ഉണര്‍ന്ന് ബഹളം വെച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. ആരാണ് തന്നെ ഉപദ്രവിച്ചതെന്ന് അറിയില്ല എന്നാണ് പെൺകുട്ടി മൊഴി. പ്രതിയെ കുറിച്ച് യാതൊരു സൂചനകളും ഇതുവരെ ലഭിച്ചിട്ടില്ല.