കെപിസിസിക്ക് വീണ്ടും ജംബോ കമ്മിറ്റി പട്ടിക പ്രഖ്യാപിച്ചു. 58 ജനറൽ സെക്രട്ടറിമാരും, 13 വൈസ് പ്രസിഡന്റുമാരുമാണ് പുതിയ പട്ടികയിൽ. ബിജെപിയിൽ നിന്ന് എത്തിയ സന്ദീപ് വാര്യറെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എന്നാൽ പുതിയ കെപിസിസി പട്ടികയിൽ പ്രതികരണവുമായി സിപിഐഎം നേതാവ് പി സരിൻ രംഗത്തെത്തി.
പുതിയ KPCC ലിസ്റ്റിൽ ഒരാളൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനേ. PV അൻവർ എന്തുകൊണ്ടും ഈ ലിസ്റ്റിൽ പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റിയിൽ തന്നെ ഉൾപ്പെടുത്താൻ യോഗ്യനാണ് എന്നാണ് സരിൻ ഫേസ്ബുക്കിൽ കുറിച്ചത്. കെപിസിസി ഭാരവാഹികളുടെ പേര് വിവരങ്ങൾ ഓർത്തു വെക്കാൻ പാർട്ടിക്ക് കഴിയില്ല. അവരവരുടെ സ്ഥാനമാനങ്ങൾ അവരവർ തന്നെ ഓർത്തു വെക്കേണ്ടതാണ്. പരസ്പരം മാറിപ്പോകാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ എന്നായിരുന്നു സരിന്റെ മറ്റൊരു പോസ്റ്റ്
അതേസമയം കെ പി സി സി ഭാരവാഹികളുടെ പുനഃസംഘടനക്കായി ജംബോ കമ്മിറ്റി പ്രഖ്യാപിച്ചിട്ടും കോൺഗ്രസിൽ കലാപം തുടരുന്നു. പുനഃസംഘടനയിൽ ആദ്യ പൊട്ടിത്തെറി പരസ്യമാക്കി വനിതാ നേതാവായ ഡോക്ടർ ഷമ മുഹമ്മദ് രംഗത്തെത്തി. കെ പി സി സി പട്ടികക്ക് പിന്നാലെ കഴിവ് മാനദണ്ഡമോയെന്ന പരിഹാസ ഫേസ്ബുക്ക് പോസ്റ്റുമായാണ് ഷമ മുഹമ്മദ് രംഗത്തെത്തിയത്.
പുനഃസംഘടനയിൽ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ഷമ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കണ്ണൂർ ഡി സി സിയുടെ പരിപാടികളിലും സമരങ്ങളിലും ഷമ അടുത്തിടെ സജീവമായിരുന്നു. എന്നിട്ടും പുനഃസംഘടനയിൽ ഇടം ലഭിക്കാത്തതാണ് ഷമയെ പ്രകോപിച്ചത്. ഷമക്ക് പിന്നാലെ സ്ഥാനം ലഭിക്കാത്ത കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിൽ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുമോയെന്നത് കണ്ടറിയണം.