Headlines

കെ സി വേണുഗോപാൽ ആരെന്ന് ബേബിയോട് ചോദിച്ചാൽ മതി; ഇ പി ജയരാജന്റെ ഭീഷണി വിലപ്പോകില്ല: കോഴിക്കോട് ഡിസിസി പ്രസിഡന്റ്

ഇ പി ജയരാജന്റെ ഭീഷണി വിലപ്പോകില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീൺകുമാർ. കണ്ണൂരിലെ ജീർണിച്ച രാഷ്ട്രീയം ഇവിടെ കൊണ്ടുവരാൻ അനുവദിക്കില്ല. കെ സി വേണുഗോപാൽ ആരെന്ന് ജയരാജൻ എം എ ബേബിയോട് ചോദിച്ചാൽ മതി. പോലീസിന് എതിരെ യുഡിഎഫ് പ്രവർത്തകർ സ്ഫോടകവസ്തു എരിഞ്ഞെന്ന ആരോപണം അടിസ്ഥാനം ഇല്ലാത്തത്. പൊലീസിന്റെ ഗ്രനേഡും ടിയർ ഗ്യാസുമാണ് പൊട്ടിത്തെറിച്ചത്. വ്യക്തമായ തെളിവുകൾ കൈവശമുണ്ട്. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പ്രവീൺകുമാർ വ്യക്തമാക്കി.

ഷാഫി പറമ്പിലിൽ എംപിയ്ക്കെതിരെ ഭീഷണി പ്രസംഗവുമായി ഇപി ജയരാജയൻ ഇന്നലെ രംഗത്തെത്തിയിരിന്നു. സൂക്ഷിച്ച് നടന്നാൽ മതിയെന്നും മൂക്കിന്റെ പാലമെ ഇപ്പോൾ പോയുള്ളൂ എന്നുമായിരുന്നു ഇ.പി ജയരാജന്റെ പ്രതികരണം. ഷാഫി എംപിയായത് നാടിന്‍റെ കഷ്ടകാലമാണെന്നും അഹംഭാവവും ധിക്കാരവുമൊക്കെ കോൺഗ്രസ്‌ ഓഫീസിൽ പോയി പറഞ്ഞാൽ മതിയെന്നും ഇപി ജയരാജൻ വിമർശിച്ചു. ലത്തികൊണ്ട് ഏത് പോലീസുകാരനാണ് ഷാഫിയെ തല്ലിയതെന്നും ഇ.പി ചോദിച്ചു. ബോംബ് എറിഞ്ഞിട്ടും സമാധാനമായ നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നും ഇപി ജയരാജൻ പറഞ്ഞു.

ഷാഫി പറമ്പിലിന് പരിക്ക് പറ്റിയെങ്കിൽ ഉത്തരവാദി യു.ഡി.എഫ് ആണെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പറഞ്ഞിരുന്നു. മൂക്കിന് സർജറി കഴിഞ്ഞ ആൾ എങ്ങനെ പെട്ടെന്ന് സംസാരിക്കുമെന്നും എല്ലാ തെളിവുകളും പോലീസ് പരിശോധിക്കണമെന്നും ടിപി രാമകൃഷ്ണൻ ആവശ്യപ്പെട്ടു. കൂടാതെ അദ്ദേഹം റൂറൽ എസ്പിക്ക് നേരെയും പരോക്ഷ വിമർശനം ഉന്നയിച്ചു.ഷാഫി അക്രമികളോടൊപ്പം ചേർന്ന് പോലീസിനെ ആക്രമിക്കാൻ നേതൃത്വം നൽകിയെന്ന് ടി.പി രാമകൃഷ്ണൻ പറഞ്ഞു. അക്രമി സംഘം പോലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. കൊല്ലാനും അതുവഴി കലാപം ഉണ്ടാക്കാനുമായിരുന്നു യുഡിഎഫ് ശ്രമിച്ചതെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.