Headlines

‘ഹിജാബ് വിഷയം അവസാനിപ്പിച്ചു; രാഷ്ട്രീയ വൽക്കരിക്കാൻ ശ്രമം നടക്കുന്നു’; മന്ത്രി വി ശിവൻകുട്ടി

പളളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം ഇന്നലെ തന്നെ അവസാനിപ്പിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിഷയം രാഷ്ട്രീയ വൽക്കരിക്കാൻ ശ്രമം നടക്കുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെ സ്കൂൾ മാനേജ്മെൻ്റും പിടിഎയും പ്രതികരിച്ചത്. സർക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും ആക്ഷേപിക്കാനാണ് ശ്രമിച്ചതെന്ന് മന്ത്രി വി ശിവൻ‌കുട്ടി കുറ്റപ്പെടുത്തി.

കോൺഗ്രസിന് വേണ്ടി രാഷ്ട്രീയ ലക്ഷ്യത്തോടെ വർഗീയവൽക്കരിക്കാൻ അനുവദിക്കില്ലെന്നും വെല്ലുവിളി ഇങ്ങോട്ട് വേണ്ടെന്ന് മന്ത്രി പറഞ്ഞു. നിയമം നിയമത്തിൻ്റെ വഴിക്ക് പോകും. ഇന്ത്യൻ ഭരണഘടനയും, കോടതി വിധിയും മാനിച്ച് മുന്നോട്ട് പോകും. ഇല്ലെങ്കിൽ ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. സ്കൂൾ അഭിഭാഷകയുടെത് പക്വത ഇല്ലാത്ത പ്രതികരണമാണന്ന് മന്ത്രി വിമർശിച്ചു.

സ്കൂൾ മാനേജ്മെൻ്റിന് വേണ്ടി സംസാരിക്കേണ്ടത് അഭിഭാഷകയും പിടിഎയും പ്രസിഡൻ്റും അല്ലെന്നും അത് മാനേജ്മെൻ്റിന് ഓർമ വേണമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. രാഷ്ട്രീയ വൽക്കരിക്കാൻ മാനേജ്മെൻ്റും തയ്യാറായി. ഞങ്ങൾക്ക് നിയമം ബാധകമല്ല എന്ന് പറഞ്ഞാൽ അംഗീകരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

എന്ത് അധികാരം എന്നൊക്കെ ചോദിച്ചു. അങ്ങനെ ഒന്നും ഒരു അൺ എയ്ഡഡ് സ്ഥാപനങ്ങളും ചോദിച്ചിട്ടില്ല. വിദ്യാഭ്യാസ ചട്ടത്തിൽ എൻഒസി നിഷേധിക്കാൻ ഡിജിഇയ്ക്ക് അധികാരം ഉണ്ട്. എന്നിട്ടാണ് എന്ത് അധികാരം എന്നൊക്കെ ചോദിച്ചത്. ഗവൺമെൻ്റിന് മുകളിലാണ് മാനേജ്മെൻ്റ് എന്ന് കരുതിയാൽ അംഗീകരിക്കില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.