കുണ്ടറക്ക് പിന്നാലെ കടയ്ക്കലിലും സിപിഐയില്‍ പൊട്ടിത്തെറി. കടയ്ക്കലിലെ നേതാക്കളും അണികളും പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്നാണ് സൂചന. വിമതരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തു.സി പി ഐ നേതാവ് മുല്ലക്കര രത്‌നാകരന്റെ സഹോദരിയടക്കം യോഗത്തില്‍ പങ്കെടുത്തു.
സിപിഐയുടെ പ്രമുഖ നേതാക്കളടക്കം 300 പേരോളം കുണ്ടറയില്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കടയ്ക്കലിലും നൂറുകണക്കിനാളുകള്‍ സിപിഐ ബന്ധം ഉപേക്ഷിക്കാന്‍നീക്കം നടത്തുന്നത്. കടക്കല്‍ മണ്ഡലം സെക്രട്ടറിയും സിപിഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന ജെസി അനിലിനെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളില്‍ മണ്ഡലം സെക്രട്ടറി സ്ഥാനത്തു നിന്നും ജില്ല കമ്മിറ്റി അംഗത്വത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനെ തുടര്‍നാണ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഇടയില്‍ ഭിന്നത രൂക്ഷമായത്. വിഭാഗീയത മൂലം സമ്മേളനത്തില്‍ മണ്ഡലം സെക്രട്ടറിയെ പോലും തെരഞ്ഞെടുക്കാന്‍ സാധിച്ചിരുന്നില്ല. ആക്ടിംഗ് മണ്ഡലം സെക്രട്ടറിയായി ലതാ ദേവിയെ തീരുമാനിച്ചു പിരിയുകയായിരുന്നു.
പ്രശ്‌നങ്ങള്‍ രൂക്ഷമായി കൊണ്ടിരിക്കെയാണ് കടയ്ക്കല്‍ വ്യാപാരഭവനില്‍ സിപിഐ വിമതര്‍ യോഗം ചേര്‍ന്നത്. മണ്ഡലം ഭാരവാഹികളായ 12 പേരും മൂന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും ലോക്കല്‍ കമ്മിറ്റി അംഗങ്ങളും 75ല്‍ പരം ബ്രാഞ്ച് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു. സിപി ഐ സംസ്ഥാന ഭാരവാഹിയും ജില്ലയുടെ ചുമതലക്കാരനുമായ മുല്ലക്കര രത്‌നാകരന്റെ സഹോദരി പി രജിതകുമാരി ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യവും നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. വിമതരായ നൂറോളം നേതാക്കന്മാരും വലിയ ഒരു കൂട്ടം അണികളും സിപിഐഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചേക്കുമെന്നാണ് വിവരം.